Lottery Winner : എടുത്തത് 23 ടിക്കറ്റുകൾ, ജീവിതം മാറ്റിയത് ഒരു ലോട്ടറി, ഇത് രാജീവിന്റെ ഭാഗ്യകഥ
ദിവസവും 10 ടിക്കറ്റുകൾ വരെ എടുക്കാറുള്ള ആളാണ് രാജീവ്.
ഇടുക്കി: ഒരു ദിവസം കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ വിവിധ ലോട്ടറി ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. അപ്രതീക്ഷിതമായി ലോട്ടറി അടിച്ചവരും ഒന്നിൽ കൂടുതൽ തവണ ലോട്ടറി എടുത്തവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. തങ്ങളുടെ ഭാഗ്യ നമ്പറുകൾ നോക്കിയാണ് പലരും ലോട്ടറി എടുക്കാറ്. ചിലർ ഒരു ബുക്ക് മുഴുവനായി സ്വന്തമാക്കും. ഇത്തരത്തിൽ ലോട്ടറി എടുത്ത് ഒന്നാം സമ്മാനം സ്വന്തമാക്കിയിരിക്കുകയാണ് ഇടുക്കി സ്വദേശിയായ രാജീവ്.
അക്ഷയ ലോട്ടറിയുടെ 23 ടിക്കറ്റുകളാണ് രാജീവ് എടുത്തത്. അതിൽ ഒരു ടിക്കറ്റിലൂടെ ഭാഗ്യദേവത ഈ നിർമാണ തൊഴിലാളിയെ തേടി എത്തുക ആയിരുന്നു. 70 ലക്ഷം രൂപയാണ് രാജീവിന് സ്വന്തമായത്. അക്ഷയ ലോട്ടറിയുടെ മറ്റൊരു ടിക്കറ്റിനു സമാശ്വാസ സമ്മാനമായ 8,000 രൂപയും ലഭിച്ചിട്ടുണ്ട്.
സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ആളാണ് രാജീവ്. ദിവസവും 10 ടിക്കറ്റുകൾ വരെ എടുക്കാറുള്ള ആളാണ് രാജീവ്. നിലവില്‍ വാടക വീട്ടിലാണ് രാജീവും കുടുംബവും കഴിയുന്നത്. ഭാര്യ ശ്രീജ ബേക്കറി ജീവനക്കാരിയാണ്. അനാമിക, അഭിന എന്നിവരാണ് മക്കൾ. നാല് പേരടങ്ങുന്ന കുടുംബത്തിന് സ്വന്തമായൊരു വീട് വയ്ക്കണമെന്നാണ് ആഗ്രഹം. സമ്മാനാർഹമായ ടിക്കറ്റ് രാജീവ് ബാങ്കിൽ ഏൽപ്പിച്ചു.
വാങ്ങിയത് അവശേഷിച്ച 3 ടിക്കറ്റുകൾ; ഒടുവിൽ ഓട്ടോ ഡ്രൈവറെ തേടി ഭാഗ്യമെത്തി
എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് അക്ഷയ. 40 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.