പുലർച്ചെ എന്തോ ശബ്ദം, നോക്കിയപ്പോൾ മുന്നിൽ കള്ളൻ; ദമ്പതികൾക്ക് വെട്ടേറ്റു, 2 ലക്ഷം രൂപയും 6 പവനും മോഷണം പോയി

നെറ്റിയിലും പുറത്തും വെട്ടേറ്റ സുജിത്തിന് 16 തുന്നലുണ്ട്. ലീനയുടെ കൈകൾക്കാണ് പരിക്ക്. ഇവർ കറ്റാനത്തുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. 

Thief attacked couple with knife and stole 2 lakh and 48 gram gold prm

ചാരുംമൂട് (മാവേലിക്കര): ചുനക്കരയിൽ വീട്ടിനുള്ളിൽ കയറിയ മോഷ്ടാവിനെ പിടികൂടുന്നതിനിടെ ദമ്പതികൾക്ക് വെട്ടേറ്റു. 2 ലക്ഷം രൂപയും 5 പവൻ സ്വർണ്ണവും കവർന്ന മോഷ്ടാവ് അടുക്കള വാതിൽ വഴി രക്ഷപ്പെട്ടു. മോഷ്ടാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.  കുറത്തികാട്  പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചുനക്കര കോമല്ലൂർ ഈരിയ്ക്കൽ പുത്തൻ വീട്ടിൽ അന്നാമ്മ ജോണിന്റെ (85) വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ മോഷണം നടന്നത്. മകൾ ലീന ജോൺ (47), ഭർത്താവ് സുജിത്ത് ജോൺ (51) എന്നിവർക്കാണ് വെട്ടേറ്റത്. നെറ്റിയിലും പുറത്തും വെട്ടേറ്റ സുജിത്തിന് 16 തുന്നലുണ്ട്. ലീനയുടെ കൈകൾക്കാണ് പരിക്ക്. ഇവർ കറ്റാനത്തുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. 

തിരുവനന്തപുരത്ത് താമസിക്കുന്ന ലീനയും ഭർത്താവും തിങ്കളാഴ്ച രാത്രി 9.30 ഓടെ കോമല്ലൂരെ വീട്ടിൽ വന്നിരുന്നു. ഇവിടെ അന്നാമ്മയും വീട്ടുജോലിക്കാരൻ സുരേഷും ഭാര്യയും കുട്ടികളുമാണ് താമസം. പുഷ്പഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ ലീനയുടെ ശസ്ത്രക്രിയ നടത്താനാണ് ഇവർ കുടുംബ വീട്ടിലെത്തിയത്. രാത്രി 11 മണിയോടെ എല്ലാവരും ഉറങ്ങാൻ കിടന്നു. പുലർച്ചെ 3 മണിയോടെ മുറിക്കുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് സുജിത്ത് ഉണർന്നത്. മേശവലിപ്പ് താഴെ വീണ ശബദമായിരുന്നു കേട്ടത്. മുറിക്കുള്ളിൽ മോഷ്ടാവിനെ കണ്ട സുജിത്ത് ഇയാളെ കടന്നു പിടിച്ചു. ഈ സമയം കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് മോഷ്ടാവ്  സുജിത്തിനെ വെട്ടി. ഞെട്ടിയുണർന്ന ലീന മോഷ്ടാവിൽ നിന്നും ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെ ലീനയെയും അക്രമിച്ച് മുണ്ടും തോർത്തും ഉപേക്ഷിച്ച് മോഷ്ടാവ് അടുക്കള വാതിലിലൂടെ രക്ഷപെടുകയായിരുന്നു.

ബഹളം കേട്ട് അന്നാമ്മയും മുകളിലത്തെ നിലയിലുണ്ടായിരുന്ന വേലക്കാരൻ സുരേഷുമെത്തി. സുരേഷ്  അയൽവാസിയേയും വിളിച്ചുണർത്തി. പഞ്ചായത്തംഗമുൾപ്പെടെ ചേർന്ന് ലീനയേയും സുജിത്തിനേയും ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് പൊലീസെത്തി മോഷ്ടാക്കൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നുള്ള പരിശോധനയിലാണ് തുണികളും ബാഗുകളും മറ്റും വീടിനടുത്തായി തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. അന്നാമ്മയുടെ മുറയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവളകളും കമ്മലുകളും കാണാനില്ലായിരുന്നു. ലീനയുടെ മുറിയിലുണ്ടായിരുന്ന മോതിരവും ബാഗും നഷ്ടമായിരുന്നു. ചികിത്സക്കായി കരുതിയിരുന്ന 2 ലക്ഷം രൂപയും മോഷ്ടാവ് കൊണ്ടുപോയി. .

അന്നാമ്മയുടെ മുറിയിൽ കയറിയ ശേഷമാണ് ലീനയുടെ മുറിയിൽ മോഷ്ടാവ് കയറിയതെന്നാണ് കരുതുന്നത്. നൂറനാട്, ചെങ്ങന്നൂർ എസ്.എച്ച്. ഒ മാർ സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നിലധികം പേർ ചേർന്നുള്ള മോഷണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios