ടയറിന് കണക്കായി ടാറിംഗ്; വൈറല്‍ റോഡ് യുപിയിലോ? സത്യവസ്ഥ ഇത്- Fact Check
ഉത്തര്‍പ്രദേശിലെ പുതിയ 'സ്പേസ് ടെക്നോളജി റോഡ്' എന്ന പരിഹാസത്തോടെയാണ് ഫോട്ടോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്
ഉത്തര്‍പ്രദേശിലെ (യുപി) റോഡ് എന്ന പേരില്‍ ഒരു റോഡിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്‌ബുക്കില്‍ കാണാം. വാഹനത്തിന്‍റെ ടയര്‍ പതിയുന്ന ഭാഗത്ത് മാത്രം വിചിത്രമായി ടാര്‍ ചെയ്‌തിട്ടുള്ള റോഡാണ് എഫ്‌ബി പോസ്റ്റില്‍ കാണുന്നത്. പോസ്റ്റ് ചെയ്‌തയാള്‍ അവകാശപ്പെടുന്നത് പോലെയല്ല ഈ റോഡിന്‍റെ യാഥാര്‍ഥ്യം എന്നതാണ് വസ്‌തുത.
പ്രചാരണം
'റോഡ് മുഴുവൻ ടാർ ചെയ്ത് കാശ് കളയാതെ 4 ടയറിനു വേണ്ടി ഊപിയിൽ പണിഞ്ഞ പുതിയ സ്പേസ് ടെക്നോളജി റോഡ്'- എന്ന കുറിപ്പോടെയാണ് റോഡിന്‍റെ ചിത്രം ഫേസ്‌ബുക്കില്‍ യുവധാര എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. നൂറുകണക്കിന് പേര്‍ ഈ പോസ്റ്റിനോട് പ്രതികരിച്ചിട്ടുള്ളതായി കാണാം.
എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുതാ പരിശോധന
യുപിയിലേത് എന്ന അവകാശവാദത്തോടെ പോസ്റ്റ് ചെയ്‌തിരിക്കുന്ന റോഡ് ഇന്ത്യയില്‍ പോലുമല്ല എന്നതാണ് യാഥാര്‍ഥ്യം. ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. യുപിയിലേത് എന്ന അവകാശവാദത്തോടെ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന റോഡ് ബള്‍ഗേറിയയില്‍ ഉള്ളതാണെന്ന് റിവേഴ്‌സ് ഇമേജ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.
നിഗമനം
ഉത്തര്‍പ്രദേശിലെ വിചിത്ര റോഡ് ടാറിംഗ് എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം ബള്‍ഗേറിയയില്‍ നിന്നുള്ളതാണ്. ഈ റോഡ് കേരളത്തിലേതാണ് എന്ന തരത്തില്‍ മുമ്പ് മറ്റൊരു പ്രചാരണവും സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു.
Read more: 12 വയസുകാരിയെ 76കാരന്‍ വിവാഹം കഴിച്ചു എന്ന് വീഡിയോ പ്രചാരണം; സത്യമെന്ത്? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം