ഞെട്ടിക്കുന്ന വീഡിയോ, കാസർകോട് പെരുമഴ, നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം! റഡാർ ചിത്രം പ്രകാരം മഴ തുടരും
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കാസറഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
കാസർകോട്: ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കാസർകോട് ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു. ജില്ലിയിലെമ്പാടും ഇന്ന് വ്യാപക മഴയാണ് ലഭിച്ചത്. കനത്തമഴയിൽ നാഷണൽ ഹൈവേയിലെ അവസ്ഥ പുഴ പോലെയായിരുന്നു. കനത്ത വെള്ളപ്പൊക്കം പോലെയുള്ള പശ്ചാത്തലത്തിലാണ് ഷിറിയ ഹൈവേയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്.
അതിനിടെ കാലാവസ്ഥ വകുപ്പിൽ നിന്ന് പുറത്തുവരുന്ന വാർത്ത ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കാസറഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നുമാണ്. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുകയാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലയിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
അതേസമയം കനത്ത മഴ തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.