Asianet News MalayalamAsianet News Malayalam

കാട്ടിലെയും കോള്‍പാടത്തെയും കടല്‍ തീരത്തെയും മഴ ഒറ്റ യാത്രയില്‍ ആസ്വദിക്കാം; മഴനടത്തവുമായി തൃശൂർ ഡിടിപിസി

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 15 വരെ നാലമ്പല തീര്‍ഥാടന യാത്ര പാക്കേജും ആരംഭിക്കുന്നു

Rain Walk and Nalambalam Package by Thrissur DTPC
Author
First Published Jul 6, 2024, 3:10 PM IST | Last Updated Jul 6, 2024, 3:10 PM IST

തൃശൂര്‍: മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ 13 മുതല്‍ തൃശൂര്‍ ഡിടിപിസി റെയിന്‍ വാക്ക് എന്ന ഏകദിന മണ്‍സൂണ്‍ പാക്കേജ് ആരംഭിക്കുന്നു. കാട്ടിലെയും കോള്‍പാടങ്ങളിലെയും കടല്‍ തീരത്തെയും മഴ ഒറ്റ യാത്രയില്‍ തന്നെ ആസ്വദിക്കാവുന്ന വിധത്തിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. 

രാവിലെ ഏഴിന് തൃശൂരില്‍ നിന്ന് പുറപ്പെടുന്ന യാത്ര ആദ്യം പോകുന്നത് ചിമ്മിനിയിലേക്കാണ്. അവിടെ ചൂരതള വെള്ളച്ചാട്ടവും ട്രക്കിങ്ങും കുട്ടവഞ്ചി യാത്രയും ആസ്വദിച്ചശേഷം മനക്കൊടി പുള്ള് കോള്‍പാടത്തേക്ക് പോകും. തുടര്‍ന്ന് ഇടശേരി ബീച്ചിലേക്ക് പോകും. സന്ധ്യാ സമയം ബീച്ചില്‍ ചെലവഴിച്ച് വൈകിട്ട് 7.30ന് തൃശൂരില്‍ തിരിച്ചെത്തുന്ന വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. റീഫ്രഷ്‌മെന്റ്, ഉച്ച ഭക്ഷണം, റെയിന്‍ കോട്ട്, മുഴുവന്‍ സമയം ഫെസിലിറ്റേറ്റര്‍ സൗകര്യവും എ സി വാഹനവും അടക്കം 1860 രൂപയാണ് പാക്കേജ് നിരക്ക്. 

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 15 വരെ നാലമ്പല തീര്‍ഥാടന യാത്ര പാക്കേജും ആരംഭിക്കുന്നു. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ ക്രമത്തിലാണ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. രാവിലെ 5.30 ന് തൃശൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര യഥാക്രമത്തില്‍ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലും മൂഴിക്കുളം ക്ഷേത്രത്തിലും പായമ്മല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി ഉച്ചയോടെ തൃപ്രയാറില്‍ തിരിച്ചെത്തുന്നു. ഉച്ച ഭക്ഷണം, ഔഷധ കഞ്ഞിക്കൂട്ട്, പഞ്ചാംഗ പുസ്തകം, സന്ധ്യാനാമ പുസ്തകം, മുഴുവന്‍ സമയം ഫെസിലിറ്റേറ്റര്‍ സൗകര്യവും എ സി വാഹനവും അടക്കം 950 രൂപയാണ് പാക്കേജിന്റെ നിരക്ക്. കൂടുതല്‍ വിവരത്തിനും ബുക്കിങ്ങിനും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഡി ടി പി സി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04872320800, 9496101737.

ആദ്യം പൊലീസ് സംഘമെത്തിയത് കേസന്വേഷിക്കാൻ, വീണ്ടും വന്നത് പുസ്തകങ്ങളും ക്രയോണുകളുമായി; കുരുന്നുകൾ ഹാപ്പി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios