ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കിൽ; കാരണം ഗതാഗത പരിഷ്കരണം, സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ
സ്വകാര്യ ബസുകൾക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം പിൻവലിക്കണമെന്നും ശക്തൻ സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
തൃശൂർ: തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു. സ്വകാര്യ ബസുകൾക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം പിൻവലിക്കണമെന്നും ശക്തൻ സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി, എഐടിയുസി സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 28-ന് ശക്തൻ സ്റ്റാൻഡിൽ നടത്തിയ കൂട്ട ധർണയ്ക്ക് പിന്നാലെയാണ് പണിമുടക്ക്.
ശക്തൻ സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിനാൽ ഇവിടെ എത്തുന്ന ബസുകളും യാത്രക്കാരും ഒരുപോലെ ദുരിതത്തിലാണ്. കോഴിക്കോട്, കണ്ണൂർ, എറണാകുളം, പാലക്കാട് തുടങ്ങിയ മേഖലകളിലേക്ക് ബസ് സർവീസ് നടത്തുന്ന തൃശൂരിലെ പ്രധാന സ്റ്റാൻഡാണ് തകർന്ന അവസ്ഥയിൽ തുടരുന്നത്. ചെളി നിറഞ്ഞ, കുണ്ടും കുഴിയുമുളള വഴികളിലൂടെ നടന്നു വേണം യാത്രക്കാർക്ക് സ്റ്റാൻഡിലെത്താൻ. ചെളിക്കുഴിയിൽ വീണ് യാത്രക്കാർക്ക് പരുക്കേറ്റ സംഭവങ്ങളുമുണ്ട്. പ്രതിദിനം എഴുന്നൂറോളം സർവീസുകൾ നടക്കുന്ന സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ കണ്ടിട്ടും അധികൃതർ ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് പരാതി.
മഴ പെയ്താൽ ശക്തൻ സ്റ്റാൻഡ് ചെളിക്കുളമാകുന്ന അവസ്ഥയാണിപ്പോൾ. സ്റ്റാൻഡ് തകർന്നത് ബസ് ജീവനക്കാരെയാണ് കൂടുതലും ബാധിച്ചിട്ടുള്ളത്. വലിയ കുഴികളിലൂടെ കടന്നുപോകുന്ന ബസുകൾ ദിനംപ്രതി അറ്റകുറ്റപ്പണികൾക്കായി ഗ്യാരേജിൽ കയറ്റേണ്ടി വരുന്നു. ഓരോ ദിവസവും കിട്ടുന്ന കളക്ഷൻ മുഴുവൻ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കേണ്ടി വരുന്നു. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുളള ബസ് നിർത്തുന്ന റോഡിന്‍റെ ടാറിങ് പൂർണമായും തകർന്നിട്ടുണ്ട്. സ്റ്റാൻഡിന് അകത്തേക്കും പുറത്തേക്കും കടക്കുന്ന റോഡും തകർന്ന നിലയിലാണ്. നിരവധി തവണ കോർപ്പറേഷനിലും കലക്‌റ്റർക്കും മറ്റും പരാതി നൽകിയെങ്കിലും യാതൊരു പരിഹാര നടപടിയും എടുത്തിട്ടില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു.
താത്കാലികമായി ടാറിങ് നടത്തുമ്പോൾ പിന്നീട് ഒരു മഴ പെയ്താൽ അവസ്ഥ പഴയതിലും മോശമാകുന്ന സ്ഥിതിയാണ്. ഇത് കൂടുതൽ അപകടത്തിലേക്കാണ് വഴി തെളിക്കുന്നതെന്നും സ്ഥിരമായ പരിഹാരമാണ് വേണ്ടതെന്നും ബസ് ജീവനക്കാർ പറഞ്ഞു. എത്രയും വേഗം സ്റ്റാൻഡ് നവീകരണം ആരംഭിക്കുകയും സ്റ്റാൻഡിലേക്കുള്ള ബസിന്‍റെ പ്രവേശന നിയന്ത്രണത്തിൽ മാറ്റം വരുത്തുകയും ചെയ്തില്ലെങ്കിൽ അനിശ്ചിത കാല സമരത്തെ പറ്റി ചിന്തിക്കേണ്ടി വരുമെന്നും സമര സമിതി അംഗങ്ങൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം