ഡോർ തുറന്ന് ഒരു ചാട്ടം, പിന്നാലെ അടി; നടുറോഡിൽ വലിയ മാസ് ഒക്കെ കാണിച്ചു; 'എട്ടിന്റെ പണി' കൊടുത്ത് പൊലീസ്
കോഴിക്കോട് മാനാഞ്ചിറ ബിഇഎം സ്കൂളിന് സമീപത്തുവെച്ചാണ് കഴിഞ്ഞ ദിവസം ബസ് ഡ്രൈവര്‍ കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്
കോഴിക്കോട്: കോഴിക്കോട് നടുറോഡില്‍ ബസ് നിര്‍ത്തിയിറങ്ങി കാര്‍ യാത്രക്കാരെ മര്‍ദിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് ശുപാര്‍ശ നല്‍കി. ബസ് ഡ്രൈവര്‍ തിരുവങ്ങൂര്‍ സ്വദേശി ശബരീഷിനെ ഇന്നലെ വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബസ് തട്ടിയത് കാര്‍ യാത്രക്കാര്‍ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.
കോഴിക്കോട് മാനാഞ്ചിറ ബിഇഎം സ്കൂളിന് സമീപത്തുവെച്ചാണ് കഴിഞ്ഞ ദിവസം ബസ് ഡ്രൈവര്‍ കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. കാറില്‍ ബസ് തട്ടിയിട്ടും നിര്‍ത്താതെ പോയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനം. ബേപ്പൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന അല്‍ഫ എന്ന ബസിലെ ഡ്രൈവര്‍ തിരുവണ്ണൂര്‍ സ്വദേശി ശബരീഷാണ് അറസ്റ്റിലായത്.
മര്‍ദനമേറ്റയാളുടെ ഭാര്യയോട് അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. ഇവരുടെ മകനാണ് വീഡിയോ പകര്‍ത്തിയത്. കുടുംബത്തിന്റെ പരാതിയില്‍ ഡ്രൈവര്‍ ശബരീഷിനെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ബസ് കസബ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം