World Mental Health Day 2024 : തൊഴിലിടത്തെ സമ്മർദ്ദം കുറയ്ക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

 അമിതമായ സ്ട്രെസ്സ് അനുഭവിക്കുന്ന വ്യക്തികൾക്ക് അത് തുറന്നു പറയാനും സഹായം ഉറപ്പാക്കുകയും ചെയ്യുന്ന ജോലി സാഹചര്യങ്ങൾ ഉണ്ടാകണം. 

world mental health day 2024 how to manage stress in the workplace

തൊഴിലിടത്തെ മാനസിക സമ്മര്‍ദ്ദം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ജോലിയിടത്തെ സ്ട്രെസ് കുറയ്ക്കുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർ​ഗീസ് എഴുതുന്ന ലേഖനം.

ഒരു ദിവസത്തിന്റെ മല്ലൊരു ഭാഗവും ജോലി ചെയ്യാനും ജോലിയെപ്പറ്റി ചിന്തിക്കാനും മാറ്റിവയ്ക്കുന്നവരാണ് നമ്മൾ. പക്ഷേ നമ്മുടെ ജോലി സ്ഥലങ്ങളിൽ നമ്മൾ ഹാപ്പി ആണോ? പലരും പറയാറുണ്ട് ഈ ജോലി അങ്ങു വേണ്ടെന്നു വച്ചാലോ എന്ന് ചിന്തിച്ചുപോകും എന്ന്. പക്ഷേ കുട്ടികളുടെ പഠനവും ലോൺ അടയ്ക്കുന്നതിനെ  കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ പിന്നെയും ജോലിയിൽ തുടരാം എന്ന് കരുതും.

ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്. ലോകാരോഗ്യ സംഘടന ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജോലി സ്ഥലത്തെ മാനസികോരോഗ്യം” എന്നതാണ്. ‌എങ്ങനെ ജോലിയെപ്പറ്റി ആധിപിടിക്കാതെ ജോലിയിൽ ശ്രദ്ധിക്കാം എന്നത് നമ്മൾ എല്ലാവരും പഠിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണിത്. കാരണം ജോലി സമ്മർദ്ദം മൂലം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥവരെ ഇന്ന് കാര്യങ്ങൾ എത്തി നിൽക്കുന്നു.

25കാരനായ ഒരു വ്യക്തി. വളരെ നല്ല മാർക്കോടുകൂടി പഠിക്കുകയും നല്ല ഒരു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷേ ജോലി സ്ഥലത്തു വലിയ പ്രശ്നങ്ങളെ ആ വ്യക്തി നേരിടേണ്ടി വന്നു. കൂടെ ജോലി ചെയ്യുന്നവർ ഒരു സഹകരണവും ഇല്ലാത്തവർ ആയിരുന്നു. അവർ മേലധികാരികളെ കുറ്റപ്പെടുത്തി സംസാരിക്കുകയും നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യാൻ ആ വ്യക്തിയെ നിർബന്ധിക്കുകയും ചെയ്തു. ഒരു സമാധാനവും ഇല്ലാത്ത അവസ്ഥയിലായി ആ വ്യക്തി. ജോലി ഉപേക്ഷിക്കണം എന്ന് പല തവണ ചിന്തിച്ചു എങ്കിലും വീട്ടിലെ സാഹചര്യങ്ങൾ ഓർത്തപ്പോൾ അതു സാധിച്ചില്ല. വല്ലാത്ത മാനസികസിക സമ്മർദ്ദം അനുഭവിച്ചു. 

ഒരു രാത്രി ഉറക്കമില്ലാതെ വലിയ ടെൻഷൻ അനുഭവപ്പെട്ടു. വല്ലാത്ത ഒരു മാനസികാവസ്ഥയിൽ പെട്ടെന്ന് മരിക്കണം എന്ന തോന്നൽ ഉണ്ടാവുകയും അതിനുള്ള ശ്രമം നടത്തുകയുമായിരുന്നു. എന്നാൽ പെട്ടെന്ന് വീട്ടിലുള്ളവർ അത് കാണുകയും ആ വ്യക്തിയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അതിനുശേഷമാണ് അദ്ദേഹം സൈക്കോളജിസ്റ്റിനെ കാണുന്നത്. സൈക്കോളജിറ്റിനെ സമീപിച്ചാൽ മറ്റുള്ളവർ കളിയാക്കും എന്ന പേടിയിൽ അത്രയും കാലം അദ്ദേഹം അത് വേണ്ടന്നു വെക്കുകയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തെ നേരിടാനുള്ള മാർഗ്ഗങ്ങൾ മനഃശാസ്ത്ര ചികിത്സയിലൂടെ പഠിച്ചെടുക്കാൻ കഴിയും. അതുപോലെ തന്നെ പ്രധാനമാണ് ജോലി സ്ഥലത്തെ സാഹചര്യം മെച്ചപ്പെടുത്തേണ്ടതും.

ജോലി സാഹചര്യങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ:

●    ജോലിയിൽ അമിതഭാരം ഏറ്റെടുക്കാതെ നോക്കുക: ഇതെങ്ങനെ സാധ്യമാകും? മേലധികാരി പറയും പോലെയല്ലേ ഇതെല്ലാം എന്ന് നമ്മൾ ചിന്തിച്ചേക്കാം. ജോലിഭാരം ആളുകളെ ആത്മഹത്യയിലേക്കും, വലിയ രോഗങ്ങളിലേക്കും കൊണ്ടെത്തിക്കുമ്പോൾ മേലധികാരികളും ഇതേപ്പറ്റി ബോധവാന്മാർ ആകണം. ജോലി സമയം കഴിഞ്ഞും ജോലി ചെയ്യുന്നത് മാനസിക സമ്മർദ്ദം ഉണ്ടാകാൻ കാരണമാകും. 

●    മൈക്രോമാനേജ്മെന്റ് ഒഴിവാക്കുക: ഒരാൾ ജോലി ചെയ്യുന്നുണ്ടോ എന്ന് വളരെ സൂക്ഷ്മമായി നിരന്തരം നിരീക്ഷിക്കുന്നത് ആ വ്യക്തിയുടെ ആത്മവിശ്വാസം നഷ്ടമാകാൻ കാരണമാകും. ആവശ്യമായ സ്വാതന്ത്ര്യം ലഭിക്കുകയും, തീരുമാനങ്ങൾ ചർച്ചചെയ്ത് എടുക്കാൻ സാധിക്കുകയും ചെയ്യുമ്പോൾ സ്ട്രെസ്സ് ഇല്ലാതെ ജോലി ചെയ്യാനാകും. 

●    വർക്ക്- ലൈഫ് ബാലൻസ് വളരെ പ്രധാനം: ഇന്ന് ഏതു സമയത്തും ഫോണിൽ നമുക്കൊരാളെ വിളിച്ചു സംസാരിക്കാൻ കഴിയും എന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ എപ്പോൾ വിളിച്ചാലും ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറായിരിക്കണം എന്ന് നിർബന്ധമുള്ള ജോലി സാഹചര്യം ആണ് ഉള്ളതെങ്കിൽ അത് സ്ട്രെസ്സ് ഉണ്ടാക്കാൻ സാധ്യത അധികമാണ്. കുടുംബത്തിനൊപ്പം ഒരു വ്യക്തി സമയം ചിലവഴിക്കാൻ പറ്റാത്ത അവസ്ഥ ഇതുണ്ടാക്കും. കുടുംബ പ്രശ്നങ്ങൾക്ക് ഇതൊരു കാരണമായേക്കാം. 

●    കസ്റ്റമർ സർവീസ്, ആശുപത്രിയുമായി ബന്ധപ്പെട്ട ജോലി, ടാർഗറ്റ് ഉള്ള ജോലികൾ എന്നിവയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ടെൻഷൻ വരാനുള്ള സാധ്യത കൂടുതലാണ്. അമിതമായ സ്ട്രെസ്സ് അനുഭവിക്കുന്ന വ്യക്തികൾക്ക് അത് തുറന്നു പറയാനും സഹായം ഉറപ്പാക്കുകയും ചെയ്യുന്ന ജോലി സാഹചര്യങ്ങൾ ഉണ്ടാകണം. 

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:

●  നെഗറ്റീവ് ചിന്തകളെ കണ്ടെത്താനും നിയന്ത്രിക്കാനും ശ്രമിക്കണം- “എന്നെകൊണ്ട് ഈ ജോലി ചെയ്തു തീർക്കാൻ കഴിയില്ല”, “എനിക്കൊരു കഴിവും ഇല്ല”- ഇത്തരം ചിന്തകൾ മനസ്സിന്റെ അലട്ടുന്നുണ്ടോ എന്ന് പരിശോധിക്കുക. പലപ്പോഴും ജോലി ചെയ്യാനുള്ള കഴിവില്ലാത്തതാണ് നിങ്ങളുടെ പ്രശ്നം എന്ന് തോന്നിയാലും യഥാർത്ഥ പ്രശ്നം നെഗറ്റീവ് ചിന്താഗതി ആയിരിക്കും. അത് തിരിച്ചറിയാൻ ശ്രമിക്കണം. 

●   മുൻപ് നല്ല ആത്മവിശ്വാസത്തോടെ ചെയ്തു തീർത്ത ജോലികളെപ്പറ്റി ചിന്തിക്കുക. മുൻപ് നിങ്ങൾക്കതു കഴിഞ്ഞു എങ്കിൽ ഇപ്പോഴും സാധ്യമാണ് എന്ന് മനസ്സിലാക്കുക.

●   എന്നെ കൊണ്ട് ഒന്നും കഴിയുന്നില്ലല്ലോ, എനിക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലല്ലോ എന്നെല്ലാം ചിന്തിച്ചു സമാധാനം കളയുന്നതിനു പകരം എന്താണ് ഇപ്പോഴത്തെ സ്ട്രെസ് കുറയ്ക്കാൻ ആവശ്യമായത് എന്ന് കണ്ടെത്തുക. അത് മേലധികാരികളുമായി ആശയവിനിമയം നടത്തുന്നതാണോ, റിസൾട്ടിനെ കുറിച്ച് ഒരുപാട് ആശങ്കപ്പെടാതെ ജോലി ചെയ്തു തുടങ്ങുന്നതാണോ എന്താണ് പരിഹാരം എന്ന് ചിന്തിക്കുക.

●    മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്ന ബ്രീത്തിങ്ങ് എക്സർസൈസ്, മെഡിറ്റേഷൻ എന്നിവ ശീലമാക്കാം. ശാരീരിക വ്യായാമവും, ഭക്ഷണം സമയത്തു കഴിക്കുന്നതും ശീലമാക്കണം. ഹോബികൾക്കായി സമയം കണ്ടെത്തണം. 

●    ഒരുപാട് ടാസ്കുകൾ എല്ലാം കൂടി ഒരേസമയം ഏറ്റെടുക്കുന്നത് സ്ട്രെസ്സിനു കാരണമാകും. ഓരോ ജോലികളും ചെയ്തു തീർക്കാൻ എത്ര സമയം വേണമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യുക. ഓരോ ദിവസവും കുറച്ചു ഭാഗങ്ങളായി ചെയ്തു തീർക്കാൻ ശ്രമിക്കുക.

●    ജോലി സ്ഥലത്ത് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകളോ അതിക്രമങ്ങളോ നേരിടുന്നു എങ്കിൽ അതിനോട് പ്രതികരിക്കാനും പരാതി നൽകാനും തയ്യാറാവുക. 

(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)

കുട്ടികളുടെ മാനസിക സംഘർഷങ്ങൾ എങ്ങനെ തിരിച്ചറിയാം? അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios