കൊലയ്ക്ക് കാരണം സംശയരോഗം; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്
കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്ക് കാരണം ഭര്‍ത്താവിന്‍റെ സംശയരോഗമാണെന്ന് എഫ്ഐആര്‍
കൊല്ലം: കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്ക് കാരണം ഭര്‍ത്താവിന്‍റെ സംശയരോഗമാണെന്നാണ് എഫ്ഐആറിലുള്ളത്. അനിലയും ബേക്കറി നടത്തിപ്പിൽ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജൻ എതിർത്തിരുന്നുവെന്നും ഇതാണ് അരും കൊലയിലേക്ക് നയിച്ചതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
അറസ്റ്റിലായ പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ രാത്രി 8.30യോടെയാണ് നഗരത്തെ നടുക്കി ബേക്കറി ഉടമയായ അനിലയെ ഭർത്താവ് പത്മരാജൻ തീകൊളുത്തി കൊന്നത്. ബേക്കറി ജീവനക്കാരനായ സോണിക്കൊപ്പം ജോലി കഴിഞ്ഞ് മടങ്ങവെ ഇരുവരും എത്തിയ കാർ ഒമിനി വാനിൽ വന്ന പ്രതി തടഞ്ഞിട്ടു. തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ കാറിനുള്ളിലേക്ക് ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവസ്ഥലത്തു തന്നെ മരിച്ചു. സോണി ചികിത്സയിലാണ്. കൃത്യത്തിന് ശേഷം പ്രതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
അനിലയും ബേക്കറി നടത്തിപ്പിൽ പങ്കാളിയായ ഹനീഷ് എന്ന യുവാവും തമ്മിലുള്ള സൗഹൃദമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിക്ക് സംശയരോഗമായിരുന്നെന്നും എഫ്ഐആറിലുണ്ട്. ബേക്കറി നടത്തിപ്പിൽ നിന്നും ഭാര്യയുമായുള്ള സൗഹൃദത്തിൽ നിന്നും പിൻമാറണമെന്ന് പത്മരാജൻ ഹനീഷിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തർക്കത്തിൽ ഹനീഷ് തന്നെ മർദ്ദിച്ചിട്ടുണ്ടെന്ന് പത്മരാജൻ പൊലീസിനോട് പറഞ്ഞു.
അനിലക്കൊപ്പം ഹനീഷിനെയാണ് കാറിൽ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പ്രതിയുടെ മൊഴി. കേസിൽ പൊലീസ് ഹനീഷിന്‍റെയും മൊഴിയെടുക്കും. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടപ്പിലാക്കിയത്. കാറിൽ പോയ അനിലയെ പ്രതി പിന്തുടർന്നതും കൊലപാതകത്തിനായി പെട്രോൾ വാങ്ങി കരുതിയതും ഇതിന് തെളിവാണ്.