'സ്വർണക്കടത്ത് കേസിൽ ഉടൻ തെളിവ് തരൂ, ഇല്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരും', എൻഐഎ കോടതി
അടിയന്തരമായി തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികളെ ജാമ്യത്തിൽ വിടേണ്ടി വരുമെന്ന് എൻഐഎ കോടതി അന്വേഷണ ഏജൻസിക്ക് മുന്നറിയിപ്പ് നൽകുന്നു.
കൊച്ചി: സ്വർണക്കടത്ത് കേസിൽ അടിയന്തരമായി തെളിവുകൾ ഹാജരാക്കണമെന്ന കർശനനിർദേശവുമായി എൻഐഎ കോടതി. അടിയന്തരമായി എഫ്ഐആറിൽ സൂചിപ്പിച്ച കാര്യങ്ങൾക്ക് അനുബന്ധ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികളെ ജാമ്യത്തിൽ വിടേണ്ടി വരുമെന്നും എൻഐഎ കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ അഡീഷണൽ സോളിസിറ്റർ ജനറൽ തന്നെ എൻഐഎയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകും. കേസിൽ അടിയന്തരമായി നാളെ വിശദമായി വാദം നടക്കുകയും ചെയ്യും.
കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികൾ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എൺപത് ദിവസത്തോളമായി ജയിലിൽ കഴിയുകയാണെന്നും, കൃത്യമായ തെളിവുകൾ ഹാജരാക്കാത്തതിനാൽ ഇനിയെങ്കിലും ജാമ്യം നൽകണമെന്നാണ് ഇവർ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടത്. കേസിൽ നേരത്തേ സൂചിപ്പിച്ചതിനപ്പുറം, യുഎപിഎ കുറ്റം ചുമത്താൻ കഴിയുന്ന തരത്തിലുള്ള ഒരു തെളിവും എൻഐഎ ഹാജരാക്കിയിട്ടില്ലെന്നും പ്രതികൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ്, അടിയന്തരമായി കേസ് ഡയറി ഹാജരാക്കണമെന്നും, എഫ്ഐആറിൽ ചൂണ്ടിക്കാട്ടിയ കുറ്റങ്ങൾക്കെല്ലാം അനുബന്ധ തെളിവുകൾ ഉടനടി ഹാജരാക്കണമെന്നും എൻഐഎ കോടതി ആവശ്യപ്പെട്ടത്.
എൻഐഎയെ സംബന്ധിച്ച് സുപ്രധാനമായ നിർദേശമാണിത്. തെളിവുകൾ ഉടനടി ഹാജരാക്കിയിട്ടി ല്ലെങ്കിൽ പ്രതികൾ പലരും ജാമ്യത്തിൽ പോകും. ഇത് അന്വേഷണത്തെ കാര്യമായിത്തന്നെ ബാധിക്കുന്നതുമാകും. ഇതോടെ, അടിയന്തരമായി തെളിവുകൾ കോടതിയിൽ ഹാജരാക്കേണ്ടതിലെ സമ്മർദ്ദം എൻഐഎയ്ക്ക് മേൽ ഏറുകയാണ്.