കരമന അഖിലിന്‍റെ കൊലപാതകം ദാരുണം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി
തലസ്ഥാനനഗരി സാധാരണഗതിയിൽ പൊതുവേ ശാന്തമാണ്. ശാന്തമായ അന്തരീക്ഷം നിലനിർത്താൻ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കരമന അഖിൽ കൊലപാതകക്കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അഖിലിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദാരുണമായ സംഭവമാണിത്. സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇക്കാര്യത്തെ നോക്കി കാണുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കും.
തലസ്ഥാനനഗരി സാധാരണഗതിയിൽ പൊതുവേ ശാന്തമാണ്. ശാന്തമായ അന്തരീക്ഷം നിലനിർത്താൻ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ യുവാവിന്റെ കൊലപാതകത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 4 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികളെന്നും കഴിഞ്ഞ ദിവസം ബാറിലുണ്ടായ തർക്കത്തിന്റെ പ്രതികാരമെന്ന് അരുംകൊലയെന്നും പൊലീസ് വ്യക്തമാക്കി.
മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ച് മണിയോടെ കരമന മരുതൂർ കടവിലായിരുന്നു സംഭവം. യുവാവിനെ നടുറോഡിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. കേസില്‍ പിടിയിലാകാനുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിനീഷ് രാജ്, അഖിൽ, സുമേഷ്, അനീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
Read More : തലസ്ഥാനത്തെ അരുംകൊല; അക്രമികൾ കരമന അനന്തു കൊലക്കേസിലെ പ്രതികളെന്ന് പൊലീസ്; ഒരാൾ കസ്റ്റഡിയിൽ