സംസ്ഥാനത്ത് ഉപതെര‌ഞ്ഞെടുപ്പ് വോട്ടെടുപ്പ്; വയനാട്ടിൽ 27.43 ശതമാനം, ചേലക്കരയിലും 29.24 ശതമാനവും പോളിംഗ്

വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ചില ബൂത്തുകളിൽ തുടക്കത്തിൽ വോട്ടിങ് യന്ത്രത്തിൽ തകരാർ ഉണ്ടായതൊഴിച്ചാൽ പോളിംഗ് തീർത്തും സുഗമമാണ്

Kerala Wayanad Chelakkara byelection polling continues

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗ്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം വയനാട്ടിൽ 27.43 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ചേലക്കരയിൽ പോളിങ് 29.24 ശതമാനം പിന്നിട്ടു. രണ്ട് മണ്ഡലത്തിലും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്.

വയനാട്ടിലെ 117ാം ബൂത്തിലടക്കം ചില ബൂത്തുകളിൽ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം. ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തില്‍ സാങ്കേതിക പ്രശ്നം ഉണ്ടായി. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ വോട്ട് ചെയ്യേണ്ട ബൂത്താണിത്. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തിൽ ഇൻവാലിഡ് എന്ന് കാണിക്കുകയായിരുന്നു. തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിങ് മെഷീനിൽ തകരാറുണ്ടായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86 ലും അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിലുമാണ് തകരാർ ഉണ്ടായത്.

കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. സംഘ‌ർഷ സാധ്യതയുള്ള മണ്ഡലങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തർ പ്രദേശിൽ ഒൻപതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ 20 ലേക്ക് മാറ്റിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios