കണ്ണ് തുറക്കൂ അധികാരികളെ..! പടര്‍ന്ന് പിടിച്ച് എലിപ്പനിയും ഡെങ്കിയും, ആശങ്കയുയര്‍ത്തി മരണ നിരക്ക്
വൃത്തിയില്ലാതെ കൂട്ടിയിട്ട ആഹാരസാധനങ്ങളും, തുറന്നിട്ട ഭക്ഷണവും വഴി പണി എപ്പോൾ കിട്ടിയെന്ന് നോക്കിയാൽ മതി.
തിരുവനന്തപുരം: പെയിന്റ് ബക്കറ്റിൽ സൂക്ഷിച്ച ചിക്കൻ, വളമാക്കാൻ പോലും കൊള്ളാതായിപ്പോയ ചീഞ്ഞുപോയ മീൻ, ഷിഗല്ല, സാൽമൊണല്ല സാന്നിധ്യം കണ്ടെത്തിയ ഷവർമ്മ. ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ചതോടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരക്കെ റെയ്ഡാണ്. അതിലൊന്നിൽ നിന്നുള്ള ഒരു കാഴ്ച ഇങ്ങനെ. തിരുവനന്തപുരം നെടുമങ്ങാട് കച്ചേരിമുക്കിലെ മാർജിൻഫ്രീ ഷോപ്പിൽ പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. അതേ മുറിയിൽത്തന്നെ എലി തുരന്നുണ്ടാക്കിയ വലിയ മാളം. കീറിപ്പറിഞ്ഞ ചാക്കുകൾ. സമീപത്ത് എലിയെ പിടിക്കാനൊരു എലിക്കെണിയും എലിപ്പനി പടരാൻ വേറെവിടെ പോകണം?
മറ്റൊരിടത്ത് കാഴ്ചയിതാണ്. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലിന്റെ പിന്നാമ്പുറത്ത് ബാക്കിയായ ഭക്ഷണം തുറന്ന മാലിന്യ ടിന്നുകളിൽ വെച്ചിരിക്കുന്നു. മുകളിൽ നിന്ന് പൊട്ടിയ പൈപ്പിൽ വെള്ളം വീഴുന്നു. നിലത്താകെ പരന്ന് കുഴഞ്ഞ് വെള്ളവും ഭക്ഷണ ബാക്കിയും. അതിൽ ചവിട്ടി ജീവനക്കാർ അകത്തേക്കും പുറത്തേക്കും.
ഞെട്ടിക്കുന്ന എലിപ്പനി മരണം
പുതുവർഷം 2022 പകുതി പോലും പിന്നിട്ടില്ല. 5 മാസത്തിനുള്ളിൽ എലിപ്പനി മരണം 12 കഴിഞ്ഞു. ഇനി പറയുന്ന വർധനവ് നോക്കുക. മാർച്ച് മാസം വരെ 5 മരണമായിരുന്നു. ഏപ്രിലിൽ അത് 11 ആയി. മെയിൽ ഇതുവരെയായപ്പോഴേക്കും 12 മരണം. ഇക്കൊല്ലം ഇതുവരെ എലിപ്പനി ബാധിച്ചത് 474 പേർക്കാണ്. ദിവസേന 5നും 10നും ഇടയ്ക്കാണ് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം. തിരുവനന്തപുരം വർക്കല, മാണിക്കൽ, വാമനപുരം, കൊല്ലം കരവാളൂർ, എറണാകുളം കുന്നത്തുനാട്, വരാപ്പുഴ, മലപ്പുറം പോരൂർ, കരുവാരക്കുണ്ട്, പത്തനംതിട്ട ചാത്തങ്കേരി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലെ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. എലിപ്പനിയും സുരക്ഷിത ഭക്ഷണവും ഇപ്പോൾ നടക്കുന്ന റെയ്ഡുകളും തമ്മിൽ ബന്ധമുണ്ടോ? ഉണ്ട്. രോഗാണുവാഹകരായ എലി, അണ്ണാൻ, പശു, നായ എന്നിവയുടെ മൂത്രം, വിസർജ്യം എന്നിവ കലർന്ന വെള്ളമോ മണ്ണോ ആയി സമ്പർക്കത്തിൽ വന്നാലാണ് രോഗം വരിക.
വൃത്തിയില്ലാതെ കൂട്ടിയിട്ട ആഹാരസാധനങ്ങളും, തുറന്നിട്ട ഭക്ഷണവും വഴി പണി എപ്പോൾ കിട്ടിയെന്ന് നോക്കിയാൽ മതി. മുകളിൽപ്പറഞ്ഞ 2 സ്ഥാപനങ്ങളിൽ രോഗാണുവാഹകരായ എലിയോ മറ്റോ ഉണ്ടായിരുന്നുവെങ്കിൽ കഥയെന്താകും? ഹോട്ടലുകളിൽ മാത്രമല്ല, കടകളിലും വീടുകളിലും എത്രത്തോളം സൂക്ഷ്മതയുണ്ടെന്നതിനനുസരിച്ചിരിക്കും എലിപ്പനി വരാതിരിക്കാനുള്ള ചാൻസ്. ഇപ്പോഴത്തെ കോലാഹലം ഹോട്ടലുകളിൽ മാത്രം ഒതുക്കിയാൽ പോരെന്ന് ചുരുക്കം.
കരുതിയിരിക്കണം മഞ്ഞപ്പിത്തം
4 മരണമാണ് ഈ 5 മാസത്തിനുള്ളിൽ കേരളത്തിലുണ്ടായത്. ഹെപ്പറ്റൈറ്റിസ് ബിയാണ് നാല് കേസുകളിലും മരണകാരണം. 335 പേരിലാണ് ഹെപ്പറ്റൈറ്റിസ് ബി കണ്ടെത്തിയത്. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം മഞ്ഞപ്പിത്തം മരണകാരണമായിട്ടില്ലെങ്കിലും പകർച്ചാ വേഗമാണ് ശ്രദ്ധിക്കേണ്ടത്. ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഇ വിഭാഗങ്ങളിലായി 436 കേസുകൾ ഈ വർഷം ഇതുവരെയുണ്ടായി. ശുദ്ധജലം, വൃത്തിയുള്ള ചുറ്റുപാടുകൾ, ഭക്ഷണരീതി ഒക്കെ ശ്രദ്ധിക്കാനും കരുതലുണ്ടാകാനും ഈ സമയം ഉപകരിക്കേണ്ടതാണ്.
സാദാ പനി, ഡെങ്കിപ്പനി, മലേറിയ, സിക്ക ഇല്ലാത്തതൊന്നുമില്ല
എല്ലാ പനികൾക്കും സാധ്യതയുള്ള സ്ഥലമാണ് നമ്മുടെ നാട്. കാലാവസ്ഥ മുതൽ പരിസര ശുചിത്വത്തിലെ നമ്മുടെ ശ്രദ്ധക്കുറവ് വരെ ഒത്ത അന്തരീക്ഷവും. കോവിഡ് കാലത്ത് മിക്ക പനികളും കോവിഡ് കണക്കിൽ മുങ്ങിപ്പോയിരുന്നത് കൊണ്ട് വലിയ പ്രാധാന്യം സാധാരണ പനിയ്ക്ക് നൽകിയിരുന്നില്ല. വൃത്തിയായി സൂക്ഷിക്കാത്ത ചുറ്റുപാട് തരുന്ന ‘പണി’ കൂടിയായി പനി വരാമെന്നത് കൊണ്ട് ഈ കണക്കുകൾ നോക്കുക. ഈ മാസം 10 ദിവസം പോലും തികയുന്നതിന് മുൻപ് 43 പേരിൽ ഡെങ്കിപ്പനി ബാധിച്ചു. ഒരാൾ മരിച്ചു. 5 മാസത്തിനുള്ളിൽ 607 കേസുകൾ. 3 മരണം. സാധാരണ പനിയെ നിസാരമാക്കാൻ വരട്ടെ. കഴിഞ്ഞ ഒറ്റ ദിവസത്തെ പനിക്കേസുകൾ 4949 ആണ്. 5 മാസത്തിനുള്ളിൽ 3 മരണം. 71 മലേറിയ കേസുകളും സംസ്ഥാനത്തുണ്ടായി. സിക്ക വൈറസ് ബാധ നമ്മെ വിട്ടുപോയോ? ഇല്ല. 5 മാസത്തിനുള്ളിൽ 10 സിക്ക വൈറസ് ബാധിതർ. ചിക്കൻപോക്സ് ബാധിച്ച് 4 മരണം. ഈ മാസം മാത്രം 151 കേസ്. 95 പേർക്ക് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ് ബാധിച്ചു. ഒരാൾ മരിച്ചു.
ആരും രക്ഷപ്പെടാതെ പേവിഷ ബാധ
ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളുമായി ബന്ധമില്ലെങ്കിലും, നാലു പേർക്കാണ് ഇക്കൊല്ലം സംസ്ഥാനത്ത് പേവിഷ ബാധയുണ്ടായത്. നാലുപേരും മരിച്ചു. മേൽപ്പറഞ്ഞതെല്ലാം റിപ്പോർട്ട് ചെയ്ത കേസുകളിൽ ഊന്നി നിന്നുള്ള കണക്കുകളാണ്. ഇനി, റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് എത്രയുണ്ടാകും? വീടാവട്ടെ ഹോട്ടലാവട്ടെ കടകളാവട്ടെ. തുടച്ചുമിനുക്കിയ പൂമുഖവും മേശകളും മാത്രമല്ല. ഇനിമുതൽ അടുക്കളയിലേക്കും പരിസരത്തേക്കും കൂടി കണ്ണുകളെത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. മുന്നിലെ മേശ പോലെ വൃത്തിയുള്ളതല്ല പിന്നിലെ പരിസരമെങ്കിൽ പണികിട്ടുമെന്ന ബോധമുണ്ടാകേണ്ടതുണ്ട്.