എല്ലാം തുറന്നെഴുതാൻ ഇപി ജയരാജന്‍, ആത്മകഥ അന്തിമഘട്ടത്തിലെന്ന് സിപിഎം നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട്
സസ്പെൻസ് ഇട്ട് ഇടത് മുന്നണി മുന്‍ കണ്‍വീനര്‍.ഒരു ഘട്ടം കഴിയുമ്പോൾ എല്ലാം പറയാം
തിരുവനന്തപുരം: രാഷ്ട്രീയജീവിതവും വിവാദങ്ങളും തുറന്നെഴുതാൻ ഇപി ജയരാജൻ. ഇടത് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇപിയുടെ ആത്മകഥ ഉടൻ പുറത്തിറങ്ങും. രാഷട്രീയ ജീവിതം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തോട് സസ്പെൻസ് ബാക്കിവെച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോടുള്ള ഇപി യുടെ മറുപടി
ആറ് പതിറ്റാണ്ട് നീണ്ട പാർട്ടി ജീവിതത്തിനൊടുവിൽ ആരുമൊപ്പമില്ലാതെ എകെജി സെന്‍ററിന്‍റെ പടിയിറങ്ങിവന്നതിന്‍റെ നിരാശയിലും അമർഷത്തിലുമാണ് ഇപി. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ആരോടും ഒന്നും പ്രതികരിക്കാതിരുന്ന ഇപി ആദ്യം സംസാരിച്ചത് ഏഷ്യാനെറ്റ് ന്യൂസിനോട്. പറയാനുള്ളതെല്ലം തുറന്നെഴുതുകയാണ് ഇപി. പ്രകാശ് ജാവദേക്കറുമായുള്ള കൂടികാഴ്ചയും ബിജെപി ബന്ധവുമടക്കമുള്ള വിവാദങ്ങളും കഴിഞ്ഞ ദിവസത്തെ പാർട്ടി നടപടി വരെ ആത്മകഥയിലുണ്ടാകും
എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു ഇപിയുടെ പാർട്ടി ജീവിതം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ തുടങ്ങിയ വിവാദങ്ങൾ ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനം തെറിച്ചതും റിസോർട്ട് വിവാദവും കടന്ന് ബിജെപി ബന്ധത്തിൽ എത്തി നിൽക്കുമ്പോഴാണ് ഇപി എല്ലാം തുറന്നെഴുതിത്തുടങ്ങിയത്. പാർട്ടിയിലെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഇപിയുടെ ആത്മകഥ വരാനിരിക്കുന്ന വലിയ രാഷ്ട്രീയബോംബായിരിക്കും