ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ 6 പവന്റെ മാല കാണാനില്ല; പൊങ്കാലക്ക് വന്നപ്പോൾ കാത്തിരുന്ന് പിടിച്ച് പൊലീസ്

നിരവധി സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തൃശ്ശൂരിൽ മോഷണം നടത്തി മുങ്ങിയവരെ എടത്വയിൽ വീണ്ടും മോഷണത്തിന് എത്തിയപ്പോഴാണ് പിടികൂടിയത്. 

48 gram gold chain stolen from woman while visiting temple in thrissur and caught when attempting theft

തൃശൂര്‍: വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന സ്ത്രീയുടെ ആറ് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ട കേസിലെ പ്രതികളായ രണ്ട് സ്ത്രീകളെ കൂടി ഈസ്റ്റ് പോലീസ് പിടികൂടി.  തമിഴ്‌നാട് മധുര മുത്തുപ്പെട്ടി ചെട്ടിയര്‍ തെരുവ് സ്വദേശികളായ ഭഗവതി (34),  രാമായി (45) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  മാല നഷ്ടപ്പെട്ട കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തില്‍  നിരവധി സി.സി.ടിവികള്‍ പോലീസ് പരിശോധിക്കുകയും സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലും പ്രതികളെ കുറിച്ചുള്ള ഇന്‍ഫര്‍മേഷന്‍ നല്‍കുകയും ചെയ്തു.

പ്രതികള്‍ മോഷണത്തിനായി ആലപ്പുഴയിലെ എടത്വ എന്ന സ്ഥലത്തെ പൊങ്കാലയ്ക്ക് വന്ന സമയം ഇവരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ  യാത്രക്കാരിയുടെ അഞ്ചു പവന്‍ മാല മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. കേസില്‍ നാലു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.  ഇവർക്കെതിരെ സംസ്ഥാനത്തുടനീളം മോഷണ കേസുകണ്ടെന്നും പിടികിട്ടാപ്പുള്ളികളായിരുന്നെന്നും ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍  ജിജോ അറിയിച്ചു.

തൃശൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍  ഇന്‍സ്‌പെക്ടര്‍ ജിജോ, സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ പി. നായര്‍, സൂരജ് അജ്മല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍  സന്ദീപ് ശ്രീജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍  ശ്രീജ, ഷൈജ, ദുര്‍ഗ എന്നിവരാണ് ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios