കളിചിരികൾ നിറഞ്ഞ വീടുകളിൽ തളംകെട്ടി മൂകത; ഏറ്റുവാങ്ങിയത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ, സംസ്കാരം 18ന്
എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 15 ദിവസം മുമ്പ് വിവാഹിതരായ നിഖിലിൻ്റെയും അനുവിൻ്റെയും വേർപാട് ഒരു നാടിൻ്റെയാകെ ഉള്ളുലച്ചു. മരിച്ച 4 പേരുടേയും സംസ്കാരം ബുധനാഴ്ച നടക്കും.
പത്തനംതിട്ട: പത്തനംതിട്ടയിലെ മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയുമാണ് ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. മധുവിധു ആഘോഷിക്കാൻ വിദേശത്തേക്ക് പോയ മക്കളെയും അവരെ തിരികെ വിളിക്കാൻ പോയ ഉറ്റവരെയും നഷ്ടപ്പെട്ടവരുടെ വേദന വീടുകളിൽ തളംകെട്ടി നിൽക്കുകയാണ്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 15 ദിവസം മുമ്പ് വിവാഹിതരായ നിഖിലിൻ്റെയും അനുവിൻ്റെയും വേർപാട് ഒരു നാടിൻ്റെയാകെ ഉള്ളുലച്ചു. മരിച്ച 4 പേരുടേയും സംസ്കാരം ബുധനാഴ്ച നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മത്രമേ ആയിട്ടുള്ളൂ. കൊതിച്ചു കാത്തിരുന്ന ദിനങ്ങളുടെ സന്തോഷത്തിലായിരുന്നു നിഖിലും അനുവും. പക്ഷേ എല്ലാ സന്തോഷങ്ങളും പുലർച്ചെയുണ്ടായ അപകടം കവർന്നെടുത്തു. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ് രണ്ട് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. നിഖിലിനേയും അനുവിനേയും കൂട്ടാൻ എയർപോർട്ടിൽ എത്തിയത് മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു. ഇവരെ കാത്തിരുന്ന ഉറ്റവരെ തേടിയെത്തിയത് 4 പേരുടെയും ചേതനയറ്റ ശരീശങ്ങളാണ്.
നവംബർ 30നാണ് നിഖിലിൻ്റയും അനുവിൻ്റെയും വിവാഹം കഴിഞ്ഞത്. അതും 8 വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ. അനുവിൻ്റെ പിറന്നാൾ വരികയാണ്. ഒരുമിച്ചുള്ള ആദ്യ ജൻമദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നിരിക്കും നിഖിൽ. പ്രത്യാശയുടെ ക്രിസ്മസ് കാലമാണ്. രണ്ട് വീടുകൾക്ക് മുന്നിലും ക്രിസ്മസ് ട്രീകൾ ഉണ്ട്. പക്ഷേ അത് അലങ്കരിച്ചവരുടെ മുഖങ്ങളിൽ ഇന്ന് ആ പ്രത്യാശയില്ല.
https://www.youtube.com/watch?v=Ko18SgceYX8