എട്ട് ഡിയിൽ നിദയും റിദയും ഇർഫാനയുമില്ല, എട്ട് ഇയിൽ കൂട്ടുകൂടാൻ ആയിഷയുമില്ല; നടുക്കം മാറാതെ കരിമ്പ സ്കൂൾ
വ്യാഴാഴ്ച ഇംഗ്ലീഷ് പരീക്ഷയും കഴിഞ്ഞ് ഒരുമിച്ചിറങ്ങിയതാണ് അഞ്ച് പേർ. തിങ്കളാഴ്ച സ്കൂൾ തുറക്കുമ്പോൾ അവരിൽ നാല് പേരില്ല.
പാലക്കാട്: പാലക്കാട്ടെ കരിമ്പ ഹയർ സെക്കൻഡറി സ്കൂളിൽ ഇപ്പോഴും മൂകതയാണ്. പരീക്ഷയും കഴിഞ്ഞ് വരാന്തയിലൂടെ കൈപിടിച്ചു നടന്ന അഞ്ച് പേർ. ഒരാളെ മാത്രം അവശേഷിപ്പിച്ചുള്ള നാൽവർ സംഘത്തിന്‍റെ മടക്കം. നാളെ സ്കൂൾ തുറക്കുമ്പോൾ എന്ത് എന്ന ആശങ്കയിലാണ് അധ്യാപകർ.
നാളെ സ്കൂൾ തുറക്കും. ക്രിസ്മസ് പരീക്ഷയാണ്. എട്ടാം ക്ലാസുകാ൪ക്ക് സോഷ്യൽ സയൻസ്. വ്യാഴാഴ്ച ഇംഗ്ലീഷ് പരീക്ഷയും കഴിഞ്ഞ് ഒരുമിച്ചിറങ്ങിയതാണ് അവർ. സ്കൂളിലെ നെല്ലിമരച്ചോട്ടിൽ ആദ്യം പരീക്ഷ എഴുതിവ൪ കാത്തിരുന്നു. ഓരോരുത്തരായി ക്ലാസ് മുറികളിൽ നിന്നിറങ്ങി വന്നു. പിന്നെ ഒരുമിച്ച് നടത്തം.
"നാല് പേരും എട്ടാം ക്ലാസ്സുകാരാണ്. ചെറുപ്പം മുതൽ സുഹൃത്തുക്കളാണ്. ഒരുമിച്ച് വരികയും പോവുകയും ചെയ്യുന്നവർ"- പ്രധാനാധ്യാപകൻ എം ജമീർ പറഞ്ഞു.
എട്ട് ഡി ക്ലാസിൽ രണ്ടാം നിരയിലെ ബെഞ്ചിലിനി ഒരുമിച്ചിരിക്കാൻ നിദയും റിദയും ഇ൪ഫാനയുമില്ല. എട്ട് ഇയിൽ നിന്ന് ഇവ൪ക്കൊപ്പം കൂട്ടുകൂടാൻ ആയിഷയും. കോണിപ്പടിക്ക് അപ്പുറത്താണ് എട്ട് സി. അജ്നയുടെ ക്ലാസ്.
ഇനി സ്കൂളിൽ ഒരുമിച്ച് ഇല്ലെങ്കിലും തുപ്പനാട്ടെ ഖബറിടത്തിൽ ഒരു കയ്യകലെ അവരങ്ങനെ ഉറങ്ങുകയാണ്. സമാന അപകടം ആവർത്തിക്കാതെ ഇരിക്കാൻ നമ്മൾ ഉണർന്നു പ്രവർത്തിക്കണം എന്ന് ഓർമപ്പെടുത്തലായി.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. നടന്നുവരികയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം - ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ് - ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.