​ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ കാണാനെത്തിയില്ല; വിമർശനങ്ങൾക്ക് അല്ലു അർജുൻ്റെ മറുപടി,'എത്രയും പെട്ടെന്ന് എത്തും'

നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വിമർശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അർജുൻ്റെ പ്രതികരണം. 

thelugu super star allu arjun response on did not come to see the child in critical condition new film pushpa 2 premier show 12-15-2024

ബെം​ഗളൂരു: പുഷ്പ 2ൻ്റെ പ്രീമിയർ ചിത്രീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കാണാൻ എത്താത്തതിലെ വിമർശനങ്ങൾക്ക് മറുപടിയുമായി തെലുങ്ക് താരം അല്ലു അർജുൻ. നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിമർശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അർജുൻ്റെ പ്രതികരണം. സാമൂ​ഹ്യമാധ്യമങ്ങളിലൂടെയാണ് അല്ലു അർജുൻ പ്രതികരിച്ചത്. 

കേസ് നിലനിൽക്കുന്നതിനാൽ കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു. 9 വയസ്സുകാരനായ ശ്രീതേജ് ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്. സാധ്യമായാൽ എത്രയും പെട്ടെന്ന് കുട്ടിയെ കാണാൻ എത്തുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.

താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും ജയിൽ മോചനത്തിന് ശേഷം അല്ലു അർജുൻ പ്രതികരിച്ചിരുന്നു. 
"മരിച്ച സ്ത്രീയുടെ കുടുംബത്തോടൊപ്പം നിൽക്കും. എന്റെ കുടുംബത്തിനും ഇത് വലിയ വെല്ലുവിളികളുടെ സമയം ആയിരുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി. കൂടെ നിന്ന സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും നന്ദി", അല്ലു അർജുൻ പ്രതികരിച്ചു. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് ജൂബിലി ഹിൽസിലെ വസതിയിൽ വച്ച് നടനെ അറസ്റ്റ് ചെയ്തത്.  

ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിൻറെ പകർപ്പ് ലഭിച്ചതോടെയാണ് അല്ലുവിൻറെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. പുലർച്ചെ അല്ലു അർജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേർ കാത്തുനിൽക്കെ പിൻഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. തെലങ്കാന ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അർജുൻ ഇന്നലെ കഴിഞ്ഞത്. ജയിലിൻറെ പിൻ ഗേറ്റ് വഴിയാണ് അല്ലു അർജുനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടി മുൻഗേറ്റ് വഴി അല്ലു അർജുനെ പുറത്തേക്ക് കൊണ്ടുവരേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. 

അല്ലു അർജുനൊപ്പം സംഭവം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്റർ ഉടമകളും ജയിൽ മോചിതരായി. ഇവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും അല്ലു അർജുനൊപ്പം വിട്ടയച്ചു. അതേസമയം, ജയിൽ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകർ പറഞ്ഞു. അറസ്റ്റ് ചെയ്ത രാത്രി തന്നെ ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്തിയിരുന്നു. എന്നിട്ടും ജയിൽ മോചനം വൈകി എന്ന് അഭിഭാഷകർ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അഭിഭാഷകർ വ്യക്തമാക്കി.

ചിത്രത്തിൻറെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകൾ നടന്നത്. ഇതിൻറെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റർ കോംപ്ലക്സുകളിൽ ഒന്നായ സന്ധ്യ തിയറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രീമിയർ ഷോയ്ക്ക് അല്ലു അർജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലും ചിത്രം കാണാനെത്തിയ ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിച്ചു. അല്ലുവും സംഘവും തിയറ്ററിലേക്ക് എത്തുന്ന വിവരം ഏറെ വൈകിയാണ് പൊലീസിനെ അറിയിച്ചത് എന്നതിനാൽ വേണ്ട സുരക്ഷാക്രമീകരണങ്ങൾ അവർക്ക് ഒരുക്കാനായില്ല. പോരാത്തതിന് അല്ലു അർജുനൊപ്പമുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി സംഘം ആളുകളെ കൈകാര്യം ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു. അല്ലു അർജുനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, മനപൂർവ്വം ദ്രോഹിക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 

 ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ 6 പവന്റെ മാല കാണാനില്ല; പൊങ്കാലക്ക് വന്നപ്പോൾ കാത്തിരുന്ന് പിടിച്ച് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios