വൃദ്ധയുടെ മരണം കൊലപാതകം; ഡെപ്പോസിറ്റ് തുക തട്ടിയെടുക്കാനും ശ്രമം, മകളും ചെറുമകളും അറസ്റ്റിൽ

നിർമ്മല മരിച്ചു കിടക്കുന്ന സമയത്തും മൂത്ത മകളും ചെറുമകളും ചേർന്ന് ഡെപ്പോസിറ്റ് അവരുടെ പേരിലാക്കാൻ ശ്രമം നടത്തിയിരുന്നു.

daughter and grand daughter arrested in Chirayinkeezhu 75 year old women murder case

തിരുവനന്തപുരം: ചിറയിൻകീഴിലെ വൃദ്ധയുടെ കൊലപാതകത്തിൽ മകളും ചെറുമകളും അറസ്റ്റിൽ. അഴൂർ റെയിൽവേ ഗേറ്റിന് സമീപം ഇക്കഴിഞ്ഞ ഒക്ടോബർ 17ന് മരിച്ച നിലയിൽ കണ്ടെത്തിയ നിർമ്മല(75)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നിർമ്മലയുടെ മൂത്ത മകൾ ശിഖ (55), ശിഖയുടെ മകൾ ഉത്തര (34) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട നിർമ്മലയ്ക്ക് ശിഖ ഉൾപ്പെടെ മൂന്ന് മക്കളാണുള്ളത്. ഒരു മകൾ അമേരിക്കയിലും മറ്റൊരു മകൾ കവടിയാറിലും നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിഞ്ഞു വരുന്നു. നിർമ്മല അവരുടെ പേരിലുള്ള സ്ഥിര നിക്ഷേപം ചിറയിൻകീഴ് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അവകാശിയായി മൂത്തമകൾ ശിഖയെ വെയ്ക്കാത്തതിലും നിർമ്മലയുടെ സ്വത്തുക്കളും സമ്പാദ്യവും കൊടുക്കാത്തതിലുമുള്ള വൈരാഗ്യമാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ശിഖയെയും മകളെയും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഒക്ടോബർ 14ന് വൈകുന്നേരം നിർമ്മലയുടെ ഷെഡ്ഡിന്റെ താക്കോൽ കാണാത്തതിൽ നിർമ്മല ശിഖയും ഉത്തരയുമായി വഴക്ക് ഉണ്ടായിരുന്നു. തുടർന്ന് ബെൽറ്റ്‌ പോലെയുള്ള ഒരു വള്ളി ഉപയോഗിച്ച് നിർമ്മലയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

നിർമ്മല മരണപ്പെട്ടത് നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാൻ പ്രതികൾ നിർമ്മലയ്ക്ക് കൊണ്ടുവന്നിരുന്ന പാൽ കുപ്പികൾ രാവിലെ എടുത്തു മാറ്റിയിരുന്നു. നാട്ടുകാരോട് ഒന്നും വലിയ അടുപ്പം കാണിക്കാത്ത പ്രതികൾ ബന്ധുക്കളോട് നിർമ്മലയ്ക്ക് സുഖമില്ല എന്ന വിവരം ഒക്ടോബർ 17നാണ് അറിയിച്ചത്. അപ്പോഴേക്കും നിർമ്മലയുടെ ശരീരം അഴുകിയ നിലയിലായിരുന്നു. നിർമ്മല മരിച്ചു കിടക്കുന്ന സമയത്തും ശിഖയും മകളും നിർമ്മലയുടെ പേരിലുള്ള ഡെപ്പോസിറ്റ് അവരുടെ പേരിൽ ആക്കാൻ ശ്രമം നടത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ കോൾ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വിശദമായി ശിഖയെയും ഉത്തരയെയും ചോദ്യം ചെയ്ത ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് സി ഐ വിനീഷ് വി.എസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മനു, ഷിബു, മനോഹർ, പൊലീസുകാരായ അജിത്ത്, ഹാഷിം, ദിവ്യ, ശ്രീലത, വിഷ്ണു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

READ MORE:  രാജസ്ഥാനിൽ ഒരാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ബിഷ്ണോയി സംഘം; പൊളിച്ചടുക്കി ദില്ലി പൊലീസ്, 7 പേർ അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios