ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, 2 പുതുമുഖങ്ങള്‍; സഞ്ജു ടീമില്‍
എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ രമണ്‍ദീപ് സിംഗും വിജയ്‌കുമാര്‍ വൈശാഖുമാണ് ടീമിലെ പുതുമുഖങ്ങള്‍.
മുംബൈ: അടുത്തമാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തിലക് വര്‍മ ടീമില്‍ തിരിച്ചെത്തി. എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ രമണ്‍ദീപ് സിംഗും വിജയ്‌കുമാര്‍ വൈശാഖുമാണ് ടീമിലെ പുതുമുഖങ്ങള്‍. സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മയെയും വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ജുവും അഭിഷേക് ശര്‍മയും തന്നെയാണ് ടീമിലെ ഓപ്പണര്‍മാര്‍.
പേസ് ഓള്‍ റൗണ്ടറായാണ് രമണ്‍ദീപ് സിംഗ് ടീമിലെത്തിയത്. പേസറായ വിജയ്കുമാര്‍ വൈശാഖിനൊപ്പം ആവേശ് ഖാനും യാഷ് ദയാലും അര്‍ഷ്ദീപ് സിംഗും പേസര്‍മാരായി ടീമിലുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കളിച്ച മായങ്ക് യാദവ്, ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തില്ലെന്നതും ശ്രദ്ധേയമായി.
എമേര്‍ജിംഗ് ഏഷ്യാ കപ്പ്: അടിതെറ്റി വീണ് ഇന്ത്യ; സെമിയില്‍ ഇന്ത്യയെ തകർത്ത് അഫ്ഗാനിസ്ഥാന്‍ ഫൈനലില്‍
റിയാന്‍ പരാഗിനെ ചുമലിലേറ്റ പരിക്കുമൂലമാണ് പരിഗണിക്കാതിരുന്നതെന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം. റിയാന്‍ പരാഗ് ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്.അടുത്ത മാസം എട്ടിന് ഡര്‍ബനിലാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (സി), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, വിജയ്കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക