കുസാറ്റ് അപകടം: ബോളിവുഡ് ഗായികയുടെ ഗാനമേളയിലേക്ക് മഴയെ പേടിച്ച് ഓടി, പിന്നിൽ നിന്നവർ കൂട്ടത്തോടെ വീണു
മരിച്ചവരിൽ രണ്ട് പേർ ആൺകുട്ടികളും രണ്ട് പേർ പെൺകുട്ടികളുമാണ്. നാല് പേരുടെ നില ഗുരുതരമാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്ക് തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്
ആലുവ: കുസാറ്റിൽ നാല് പേരുടെ മരണത്തിനും 45 ഓളം പേർക്ക് പരിക്കേൽക്കാനും ഇടയായത് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയിൽ അനുഭവപ്പെട്ട തിരക്ക്. ഗാനമേള ആസ്വദിച്ച് നൃത്തം ചെയ്ത കുട്ടികൾക്കിടയിൽ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത്. സ്കൂൾ ഓഫ് എൻജിനിയറിങ്ങ് ആണ് കുസാറ്റിൽ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇന്നലെയാണ് പരിപാടി തുടങ്ങിയത്. ആസ്ബസ്റ്റോസ് ഷീറ്റുകൾ വച്ച് മറച്ച വേദിയിലേക്ക് ഒരേയൊരു പ്രവേശന മാർഗം മാത്രമാണ് ഉണ്ടായിരുന്നത്. പരിപാടി നിയന്ത്രിച്ചവരാണോ, പങ്കെടുക്കാനെത്തിയവരാണോ മരിച്ചതെന്ന് വ്യക്തമല്ല.
രണ്ടായിരത്തിലേറെ പേർ പങ്കെടുത്ത പരിപാടിയുടെ മുഖ്യ ആകർഷണം ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയായിരുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. ഈ സ്ഥലത്ത് സ്റ്റെപ്പുകളിൽ നിന്നാണ് വിദ്യാർത്ഥികൾ പരിപാടി ആസ്വദിച്ചിരുന്നത്. എന്നാൽ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിന് പുറത്ത് നിന്നവർ പാസ് വെച്ച് നടന്ന പരിപാടിയിലേക്ക് ഇരച്ചുകയറി. ഈ സമയത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ പിന്നിലെ സ്റ്റെപ്പുകളിൽ നിന്നവർ മുന്നോട്ട് വീണു. ഭയന്ന് വിദ്യാർത്ഥികൾ പുറത്തേക്ക് ഓടിയതോടെ വീണവരിൽ പലർക്കും ചവിട്ടേറ്റു. ഇങ്ങനെയാണ് എല്ലാവർക്കും പരിക്കേറ്റതെന്ന് കരുതുന്നു.
അപകട സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. വിദ്യാർത്ഥികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയിലെത്തും മുൻപ് മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ ആൺകുട്ടികളും രണ്ട് പേർ പെൺകുട്ടികളുമാണ്. നാല് പേരുടെ നില ഗുരുതരമാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ 18 പേർ ചികിത്സയിലാണ്. ഇവരിൽ ഒരാൾക്ക് തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരുടെയും ആംബുലൻസുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും, സ്ഥലം എംഎൽഎ കൂടിയായ വ്യവസായ മന്ത്രി പി രാജീവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 64 പേർക്കാണ് പരിക്കേറ്റതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതൽ പേർക്ക് പരിക്കേറ്റിരിക്കാൻ സാധ്യതയുണ്ട്.