12 ബിജെപി എംഎല്‍എമാരടക്കം 13 പേരെ പുറത്താക്കി, കയ്യാങ്കളി; മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മുകശ്മീര്‍ നിയമസഭ
പ്രത്യേക പദവിയെ ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ മൂന്നാം ദിവസും ഏറ്റുമുട്ടി. 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി.
ദില്ലി : കയ്യാങ്കളിയെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മുകശ്മീര്‍ നിയമസഭ. പ്രത്യേക പദവിയെ ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ മൂന്നാം ദിവസും ഏറ്റുമുട്ടി. 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി.
കശ്മീരിന് പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യത്തെ ചൊല്ലിയാണ് ഇന്നും നിയമസഭയിൽ ബഹളമുണ്ടായത്. നടുത്തളത്തിലിറങ്ങിയും മേശപ്പുറത്ത് കയറിയും എംഎൽഎമാര്‍ പ്രതിഷേധിച്ചു. പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ച് പിഡിപി അംഗം ബാനര്‍ ഉയര്‍ത്തിയതാണ് ബിജെപി എംഎല്‍എമാരെ പ്രകോപിച്ചത്. ഭരത് മാതാ കീ ജയ് വിളികളുമായി ബിജെപി അംഗങ്ങളുമെത്തിയതോടെ കയ്യാങ്കളിയായി. സ്പീക്കര്‍ക്ക് മുന്‍പില്‍ അംഗങ്ങള്‍ പരസ്പരം കയ്യേറ്റം ചെയ്തു. നടുത്തളത്തിലിറങ്ങി പ്രതിഷധിച്ചവരെ പുറത്താക്കാന്‍ ഇതോടെ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. 12 ബിജെപി എംഎല്‍എമാരെയും , എഞ്ചിനിയര്‍ റഷീദിന്‍റെ സഹോദരനും ലാംഗേറ്റ് എംഎല്‍എയുമായ ഷെയ്ഖ് ഖുര്‍ഷിദിനെയും സുരക്ഷ ജീവനക്കാര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കി.
ബിജെപി അംഗങ്ങളുടെ പ്രതിഷേധം തുടരുമ്പോള്‍ കശ്മീരിന് പ്രത്യേക പദവിയെന്ന ആവശ്യം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സഭക്ക് പുറത്തും ആവര്‍ത്തിച്ചു. കശ്മീരിന് പ്രത്യേക പദവി വേണമെന്ന പ്രമേയം കഴിഞ്ഞ ദിവസം ശബ്ദവോട്ടോടെ നിയമസഭ പാസാക്കിയിരുന്നു. പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനായി സമിതി രൂപീകരിച്ച് സംസ്ഥാനവുമായി ചര്‍ച്ച തുടങ്ങണമെന്ന ആവശ്യത്തോട് കേന്ദ്രം ഇനിയും പ്രതികരിച്ചിട്ടില്ല. തീവ്രവാദി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക പദവിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്തേക്കില്ല.