നിരോധനമേർപ്പെടുത്തിയ ഉത്തരവ് കാണാനില്ല, 36 വർഷത്തിന് ശേഷം 'സാത്താന്‍റെ വചനങ്ങൾ'ക്കുള്ള വിലക്ക് നീങ്ങി

രാജീവ് ഗാന്ധി സർക്കാരിന്‍റെ കാലത്ത് 1988ൽ ഏർപ്പെടുത്തിയ നിരോധനം ഇല്ലാതാകുന്നത് 36 വർഷത്തിന് ശേഷമാണ്.

Salman Rushdie's Satanic Verses Ban Order Missing So Ban Does Not Exist says Delhi High Court

ദില്ലി: എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ 'സാത്താന്‍റെ വചനങ്ങൾ' എന്ന നോവലിന് ഇന്ത്യയിലുണ്ടായിരുന്ന വിലക്ക് നീങ്ങി. രാജീവ് ഗാന്ധി സർക്കാരിന്‍റെ കാലത്ത് 1988ൽ ഏർപ്പെടുത്തിയ നിരോധനം ഇല്ലാതാകുന്നത് 36 വർഷത്തിന് ശേഷമാണ്. നിരോധനത്തെ ചോദ്യം ചെയ്ത് സന്ദീപൻ ഖാൻ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ദില്ലി ഹൈക്കോടതി ഉത്തരവ്. 

പുസ്തകത്തിൽ മതനിന്ദയുണ്ടെന്ന് ആരോപണവും പ്രതിഷേധവും ഉയർന്നതോടെയാണ് 1988ൽ ക്രമസമാധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി 'ദ സാത്താനിക് വേഴ്‌സസ്' എന്ന പുസ്തകത്തിന്‍റെ ഇറക്കുമതി കേന്ദ്രം നിരോധിച്ചത്. 1988 ഒക്‌ടോബർ 5ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഈ വിജ്ഞാപനത്തിന്‍റെ പേരിൽ ഇപ്പോഴും പുസ്തകം ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ലെന്ന് ഹർജിക്കാരനായ സന്ദീപൻ ഖാൻ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വിജ്ഞാപനം ഏതെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റിലോ ബന്ധപ്പെട്ട അധികൃതരുടെ കയ്യിലോ ഇല്ല. 

2019ലാണ് പുസ്തകത്തിന്‍റെ നിരോധനത്തിനെതിരെ സന്ദീപൻ ഖാൻ ഹർജി സമർപ്പിച്ചത്. എന്നാൽ ഇതുവരെ വിജ്ഞാപനത്തിന്‍റെ പകർപ്പ് ഹാജരാക്കാൻ അധികൃതർക്കായില്ല. ഈ സാഹചര്യത്തിൽ അത്തരമൊരു വിജ്ഞാപനം ഇപ്പോൾ നിലവിലില്ലെന്ന് അനുമാനിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കോടതി വ്യക്തമാക്കി. 

നിരോധന വിജ്ഞാപനത്തിന് പുറമേ, 1988-ൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മറ്റ് അനുബന്ധ നിർദ്ദേശങ്ങളും റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. പുസ്തകം പ്രസാധകരിൽ നിന്നോ അന്താരാഷ്ട്ര ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്നോ ഇറക്കുമതി ചെയ്യാൻ കഴിയുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. 

ഡോക്ടറുടെ 'മലിനീകരണമില്ലാത്ത' ദീപാവലി ആഘോഷം; വീഡിയോ കണ്ട പൊലീസ് ആയുധ നിയമ പ്രകാരം കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios