ഉറവിടം അറിയാത്ത കേസുകൾ: 14 എണ്ണം പരിശോധനയിലെ പിഴവ്, പലർക്കും ലക്ഷണമില്ല

കണ്ണൂരിൽ ചക്കവീണ് പരിക്കേറ്റ് മരിച്ചയാൾക്കും ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചത് പരിശോധനാപിഴവ് മൂലമാകാമെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ ഡോക്ടർമാരുടെ അന്വേഷണ റിപ്പോർട്ട്. 

covid test error in 14 infected positive cases from unknown source

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളിൽ 14 എണ്ണം പരിശോധനാഫലത്തിലെ പിഴവ കൊണ്ടാകാമെന്ന് അന്വേഷണ റിപ്പോർട്ട്. കണ്ണൂരിൽ ചക്കവീണ് പരിക്കേറ്റ് മരിച്ചയാൾക്കും ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചത് ഇങ്ങിനെയാകാമെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ ഡോക്ടർമാരുടെ അന്വേഷണ റിപ്പോർട്ട്. സുരക്ഷാ കിറ്റിലെ പാളിച്ച കാരണം അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായി. അന്വേഷണത്തിനൊടുവിലും 41 പേരുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

പരിശോധനാ ഫലത്തിലെ പിഴവ് കാരണം കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതാകാമെന്ന് കണ്ടെത്തിയ കേസുകൾ കൂടുതലുള്ളത് കണ്ണൂരിലാണ്. ചക്കവീണ് പരിക്കേറ്റ് മരിച്ചയാൾ, നഴ്സിങ് അസിസ്റ്റന്റ്, അറ്റൻഡർ, ഗർഭിണി എന്നിവരടക്കം ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിലാണ് പിഴവ് കണ്ടെത്തിയത്. പത്തനംതിട്ട, കോഴിക്കോട്, കാസർകോട് ജില്ലകളിലും ആരോഗ്യപ്രവർത്തകർ ഇത്തരത്തിൽ പരിശോധനാ ഫലത്തിലെ പിഴവ് മൂലമാണ് കവിഡ് പോസിറ്റീവായതെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ കണ്ടെത്തൽ.

വിശദമായ അന്വേഷണത്തിനൊടുവിലും രോഗം പകർന്നിരിക്കാനുള്ള മറ്റ് സാധ്യതകളില്ലാത്ത സാഹചര്യത്തിലാണ് ഈ നിഗമനം. ഇവരുമായി സമ്പർക്കത്തിൽ വന്നവരെയെല്ലാം പരിശോധിച്ചെങ്കിലും നെഗറ്റീവുമായിരുന്നു ഫലം. ബാക്കി ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റ് ധരിച്ചതിലെ പോരായ്മയും സുരക്ഷാ വീഴ്ച്ചയും കാരണം കൊവിഡ് ബാധിച്ചെന്നും കണ്ടെത്തലുണ്ട്. തിരുവനന്തപുരത്തെ നഴ്സിങ് അസിസ്റ്റന്റിന് രോഗം ബാധിച്ചത് ഗ്ലൗസിലെ പിഴവ് കാരണമാണ്. കൊവിഡ് രോഗി നൽകിയ ഒ പി ടിക്കറ്റിലൂടെ രോഗം ബാധിച്ചു. തൃശൂരിൽ സന്നദ്ധ പ്രവർത്തകൻ പൂർണമായി പിപിഇ കിറ്റ് ധരിക്കാതെ ട്രൈയിനും ആംബുലൻസുകളും സാനിറ്റൈസ് ചെയ്തു. ഇയാൾക്ക് കവിഡ് ബാധിതനായി.

തൃശൂരിലെ മറ്റൊരു ആംബുലൻസ് ഡ്രൈവറും പിപിഇ കിറ്റ് ധരിച്ചതിലെ പിഴവ് മൂലം കൊവിഡ് ബാധിച്ചു. ഇനിയും ഉറവിടം വ്യക്തമാകാനുള്ള കേസുകളിൽ പോത്തൻകോട്ടെ മുൻ എ.എസ്.ഐയുടെ മരണം, കണ്ണൂരിലെ എക്സൈസ് ഡ്രൈവറുടെ മരണം, മഞ്ചേരിയിലെ നാലുമാസം പ്രായമായ കുഞ്ഞിന്‍റെ മരണം എന്നിവയും ഉൾപ്പെടുന്നു. അന്വേഷണത്തിൽ ഉറവിടം കണ്ടെത്തിയ കേസുകളിലും നിർണായക വിവരങ്ങളുണ്ട്.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ അടക്കം രണ്ട് പേർക്ക് രോഗം പകർന്നത് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ്. മറ്റൊരു 77കാരനും മെഡിക്കൽ കോളേജിൽ നിന്നാണ് രോഗം പകർന്നത്.  

മിക്ക കേസുകളും രോഗലക്ഷണമില്ലാത്ത വൈറസ് വാഹകരിൽ നിന്ന് പകർന്നതാണെന്ന വിവരം ഉറവിടമില്ലാത്ത കേസുകളുടെ ഗൗരവം വർധിപ്പിക്കുന്നു. രോഗം പകർത്തിയെന്ന് സംശയിക്കുന്ന പലരെയും പരിശോധിച്ചപ്പോഴേക്കും ഇവർ രോഗംമാറി നെഗറ്റീവ് ആയി എന്നതും പലരിലും നിശബ്ദമായി രോഗം വന്നുപോയെന്ന വിവരത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഇതര സംസ്ഥാന ട്രക്ക് ഡ്രൈവർമാരിൽ നിന്നും കേരളത്തിൽ വ്യാപകമായി രോഗം പകർന്നിട്ടുണ്ട്. തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർക്ക് രോഗം ബാധിച്ചത് തമിഴ്നാട്ടിൽ നിന്നും പാസില്ലാതെ ആളുകളെ അനധികൃതമായി കേരളത്തിലേക്ക് കടത്തിയതിലൂടെയാണെന്നും റിപ്പോർട്ടിലുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios