'4 വർത്തിനകം 10000 കോടിയുടെ നിക്ഷേപം', വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിന് അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു

ഇത് ജനങ്ങളുടെ തുറമുഖമാണ്. വെല്ലുവിളികളെ അവസരങ്ങളായി മാറ്റുന്നതാണ് ഇവിടെ കണ്ടത്. തലമുറകളുടെ സ്വപ്നമായിരുന്നു വിഴിഞ്ഞം തുറമുറഖമെന്നും ഡോ. ദിവ്യ എസ് അയ്യര്‍

Kerala government signed agreement with the Adani Group for the second phase of Vizhinjam port development

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടു. 2028 ഓടുകൂടി പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത് ജനങ്ങളുടെ തുറമുഖമാണ്. വെല്ലുവിളികളെ അവസരങ്ങളായി മാറ്റുന്നതാണ് ഇവിടെ കണ്ടത്. തലമുറകളുടെ സ്വപ്നമായിരുന്നു വിഴിഞ്ഞം തുറമുറഖമെന്നും ഡോ. ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ ആറാം പതിപ്പിനോടനുബന്ധിച്ച് 'വിഴിഞ്ഞം തുറമുഖത്തിന്‍റെ സാമ്പത്തിക സാധ്യതകള്‍' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

50 വർഷത്തേക്ക് പലിശ രഹിത വായ്പ; വിഴിഞ്ഞം, കൊച്ചി മെട്രോ പദ്ധതികൾക്കായി 1059 കോടി കേന്ദ്രം അനുവദിച്ചു

ധാരാളം വെല്ലുവിളികളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം ഇന്നത്തെ സ്ഥിതിയില്‍ എത്തിയത്. അത്തരം കാലതാമസത്തിന് ശേഷവും തുറമുഖത്തിന് വികസനത്തിന്‍റെ വേഗത നിലനിര്‍ത്താന്‍ സാധിച്ചു. രണ്ടും മൂന്നും നാലും ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒരേ സമയം അഞ്ച് മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുമെന്നും ഇത് രാജ്യത്തെ തന്നെ വലിയ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നും അവര്‍ പറഞ്ഞു. റോഡ്, റെയില്‍ കണക്ടിവിറ്റി വികസിപ്പിക്കുന്നതടക്കമുളള തുറമുഖവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നതെന്നും എംഡി പറഞ്ഞു.

രാജ്യാന്തര കപ്പല്‍പ്പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാല്‍ വിഴിഞ്ഞത്തിന്‍റെ വ്യാവസായിക സാധ്യതകള്‍ ഏറെയാണെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍ പറഞ്ഞു. വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന തുറമുഖങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഇല്ല, ഈ കുറവ് പരിഹരിക്കാന്‍ വിഴിഞ്ഞത്തിനാകും. ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണ വ്യവസായം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതോടെ വര്‍ധിക്കും. രാജ്യത്തെ ഏറ്റവും വലിയ സെമി ഓട്ടോമേറ്റഡ് തുറമുഖമായി ഇതിനോടകം വിഴിഞ്ഞം മാറിയതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനകത്തും യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് വിഴിഞ്ഞം തുറമുഖമെന്ന് സിസ്ട്രോം ടെക്നോളജീസ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ രാജ് പറഞ്ഞു. ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്സ് അടക്കമുള്ള പല വ്യവസായങ്ങള്‍ക്കും വേണ്ട അസംസ്കൃത വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുന്നതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വ്യവസായ സാധ്യത വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിസിഎസ്എംഎടി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (കേരള) ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് സി മോഡറേറ്ററായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios