15 ലക്ഷവുമായി ദില്ലിയിലെത്തിയ മലയാളി യുവാവിനെ തേടി അച്ഛൻ; കൈമലർത്തി ദില്ലി പൊലീസ്, ഗുരുതര വിഷയമെന്ന് ഹൈക്കോടതി

തൃശൂർ ചാലക്കുടി സ്വദേശി എഡ്വിൻ തോമസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് പിവി തോമസ് ദില്ലി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി

Father files plea to find 25yr old kerala youth who was taken into custody by Police from delhi

ദില്ലി: താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി യുവാവിനെ കണ്ടെത്താൻ അച്ഛൻ ദില്ലി ഹൈക്കോടതിയിൽ ഹർജി ൽകി. തൃശൂർ ചാലക്കുടി സ്വദേശി തോമസ് പിവിയാണ് ദില്ലി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയുമായി  സമീപിച്ചത്. ഇരുപത്തിയഞ്ചുകാരനായ മകൻ എഡ്വിൻ തോമസിനെ കാണാനില്ലെന്നും പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും എവിടെയാണെന്ന് വിവരമില്ലെന്നും അച്ഛൻ ഹർജിയിൽ പറയുന്നു. എന്നാൽ ദില്ലി പൊലീസ് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് കൈമലർത്തി. സംഭവം ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

എഡ്വിൻ തോമസ് 15 ലക്ഷം രൂപയുമായി ബിസിനസ് ആവശ്യത്തിനാണ് ദില്ലിയിൽ എത്തിയതെന്ന് ഹർജിയിൽ പിതാവ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് സുഹൃത്തുകൾക്കൊപ്പം ദില്ലി സാകേതിൽ താമസിക്കുകയായിരുന്നു മകനെ ഫ്ലാറ്റിൽ നിന്ന് സുഹൃത്തുകൾക്കൊപ്പം പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ എടുത്തെന്നാണ് പിതാവ് വ്യക്തമാക്കുന്നത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം കോടതിയിൽ ഹാജരാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിൽ എവിടെയാണെന്നും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 

കേസ് പരിഗണിച്ച കോടതി എഡ്വിൻ തോമസ് എവിടെയാണെങ്കിലും ഹാജരാക്കണമെന്ന് ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ കർണാടക പൊലീസ് ദില്ലിയിൽ എത്തി കസ്റ്റഡിയിൽ എടുത്താണെന്നും ദില്ലി പൊലീസിന് വിവരമില്ലെന്നുമാണ് ഇവരുടെ നിലപാട്. കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിൽ ട്രാൻസിറ്റ് വാറണ്ടടക്കം ഇല്ലാതെ എങ്ങനെ ദില്ലിയിൽ നിന്ന് കൊണ്ടുപോയെന്ന് ജഡ്ജി പ്രതിഭാ എം സിങ്ങ്  അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. ഇത് ഗൗരവമുള്ള വിഷയമാണെന്ന് വ്യക്തമാക്കിയ കോടതി കർണാടക പൊലീസിനെ കക്ഷിയാക്കാൻ ഉത്തരവിട്ടു. നാളെ തന്നെ മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു. കേസിൽ ഹർജിക്കാരനായി അഭിഭാഷകരായ ബിജു പി രാമൻ, ഉഷാ നന്ദിനി, ജോൺ തോമസ് അറയ്ക്കൽ എന്നിവർ ഹാജരായി.

Latest Videos
Follow Us:
Download App:
  • android
  • ios