അശ്രദ്ധ കാണിച്ചാൽ സൂപ്പർ സ്പ്രെഡ് വരാം, പിന്നാലെ സമൂഹവ്യാപനവും: മുഖ്യമന്ത്രി
ഗ്രാമങ്ങളിലും പൊതുവേ വലിയ ജനസാന്ദ്രത കേരളത്തിലുണ്ട്. നമ്മുടെ സംസ്ഥാനത്ത് വലിയ രോഗവ്യാപനം വരാൻ ഇത് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോവിഡ് വ്യാപന സ്ഥിതി കൊച്ചി കോഴിക്കോട് പോലുള്ള നഗരങ്ങളിൽ വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ഇന്ത്യയിലാകെ കോവിഡ് ഏറ്റവും കൂടുതൽ പടർന്നതു നഗരങ്ങൾ കേന്ദ്രീകരിച്ചാണ്. ജനസാന്ദ്രത കൂടിയതിനാലും മറ്റു പ്രദേശങ്ങളിൽനിന്നു വരുന്നവർ കൂടുതലായതിനാലും ഇവിടെ രോഗവ്യാപനവും കൂടും.
ഇതു മറ്റിടങ്ങളിലേക്കു പടരുകയും ചെയ്യും. ഗ്രാമങ്ങളിലും പൊതുവേ വലിയ ജനസാന്ദ്രത കേരളത്തിലുണ്ട്. നമ്മുടെ സംസ്ഥാനത്ത് വലിയ രോഗവ്യാപനം വരാൻ ഇത് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗവ്യാപനം കേരളം പരമാവധി ചെറുത്തു. പക്ഷേ ചെറിയ അശ്രദ്ധ കൊണ്ടുപോലും വലിയ രീതിയിൽ പടർന്നുപിടിക്കുന്ന മഹാമാരിയാണിത്.
നഗരങ്ങളിൽ എളുപ്പത്തിൽ രോഗവ്യാപനസാധ്യതയുണ്ട്. ട്രിപ്പിൾ ലോക്ക് പോലുള്ള കർശനനിയന്ത്രണങ്ങളിലേക്കു കടക്കേണ്ടി വരുന്നത് അതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മൾ അശ്രദ്ധ കാണിച്ചാൽ സൂപ്പർ സ്പ്രെഡ് വരാം. പിന്നാലെ സമൂഹവ്യാപനവും വരും. ബ്രേക്ക് ദി ചെയ്ൻ ഒരു വിട്ടുവീഴ്ചയും പാടില്ല. ട്രിപ്പിൾ ലോക്ക് പോലുള്ള കടുത്ത നിയന്ത്രണങ്ങൾ അങ്ങനെ ഒഴിവാക്കാമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അതേ സമയം സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര് രോഗമുക്തരായി. 157 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി.