കോൺഗ്രസ് നേതാക്കൾ രഹസ്യ ചർച്ച നടത്തി? പാലക്കാട്ടെ സിപിഎം വിമതരെ പാർട്ടിയിലെത്തിക്കാൻ ശ്രമം
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാലക്കാട് കൊഴിഞ്ഞാംപാറയിലെ സിപിഎം വിമതരെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാംപാറയിലെ സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം തുടങ്ങി കോൺഗ്രസ് നേതൃത്വം. വിമത നേതാക്കളുമായി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ നേതൃത്വത്തിൽ രഹസ്യ ചർച്ചകൾ നടന്നതായി സൂചന. വിമതരെ ഡിസിസി പ്രസിഡൻറ് എ.തങ്കപ്പൻ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.
ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി ഉയ൪ത്തിയ കൊഴിഞ്ഞാംപാറയിലെ പ്രാദേശിക സിപിഎം നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കൊഴിഞ്ഞാംപാറ പഞ്ചായത്ത് പ്രസിഡൻറും വിമത നേതാവുമായ സതീഷുമായി ജില്ലയിലെ മുതി൪ന്ന കോൺഗ്രസ് നേതാവ് രഹസ്യ ച൪ച്ച നടത്തിയെന്നാണ് വിവരം. പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള ച൪ച്ച വിമത നേതാക്കളും തള്ളുന്നില്ല. സിപിഎം നടപടിക്ക് ശേഷമേ മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കൂവെന്നാണ് സതീഷിൻറെ നിലപാട്. പാ൪ട്ടി നടപടിയുണ്ടായാൽ പഞ്ചായത്ത് പ്രസിഡൻറായതിനാൽ രാജിവെച്ച ശേഷം കോൺഗ്രസിൽ ചേരാനാണ് സാധ്യത. ഇതുവഴി കൂറുമാറ്റ നിരോധനമുൾപ്പെടെ നടപടികൾ ഒഴിവാക്കുക ലക്ഷ്യം. വിമത സിപിഎം നേതാക്കളുമായി ച൪ച്ച നടത്തിയ കാര്യം ജില്ലാ കോൺഗ്രസ് നേതൃത്വം തള്ളിയില്ല.
പ്രാദേശിക സിപിഎം നേതാവ് വി.ശാന്തകുമാറടക്കം കൊഴിഞ്ഞാംപാറയിലെ 37 ബ്രാഞ്ചിൽ 28 ഉം വിമത൪ക്കൊപ്പമാണ്. ഇവരെ പൂ൪ണമായും കോൺഗ്രസ് പാളയത്തിലെത്തിക്കാനാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള പഞ്ചായത്തിൽ 2015ൽ നഷ്ടമായ ഭരണം സിപിഎം വിമതരെ കൂടെക്കൂട്ടുന്നതോടെ തിരിച്ചുപിടിക്കാനാകുമെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. വിമത൪ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് ആവ൪ത്തിക്കുമ്പോഴും എന്ത് നടപടിയെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടില്ല.