രഹാനെ-പൃഥ്വി ഷാ വെടിക്കെട്ടില്‍ മുംബൈ അടിച്ചെടുത്തത് വെറും ജയമല്ല, ലോക റെക്കോര്‍ഡ് വിജയം

ടി20 ക്രിക്കറ്റ് നോക്കൗട്ട് മത്സരത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

Mumbai Creates New World Record in T20 Cricket Knock Out Run Chase in Syed Mushtaq Ali Trophy

ബെംഗളൂരു: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ വിദര്‍ഭയെ വീഴ്ത്തി മുംബൈ സെമിയിലെത്തിയപ്പോള്‍ പിറന്നത് ടി20 ക്രിക്കറ്റിലെ പുതിയ ലോക റെക്കോര്‍ഡ്. വിദര്‍ഭ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം നാലുവിക്കറ്റ് നഷ്ടത്തില്‍ നാലു പന്ത് ബാക്കി നിര്‍ത്തിയാണ് മുംബൈ മറികടന്നത്.

ടി20 ക്രിക്കറ്റ് നോക്കൗട്ട് മത്സരത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഇതിന് പുറമെ ഒരു നോക്കൗട്ട് മത്സരത്തില്‍ 220 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടവും ശ്രേയസ് അയ്യര്‍ നയിക്കുന്ന മുംബൈ സ്വന്തമാക്കി.

ബാറ്റിംഗിലെ നിരാശ ബൗളിംഗില്‍ തീര്‍ത്ത് ഹാര്‍ദ്ദിക്, മുഹമ്മദ് ഷമിയുടെ ബംഗാളിനെ വീഴ്ത്തി ബറോഡ സെമിയില്‍

2010ല്‍ പാകിസ്ഥാനിലെ ഫൈസല്‍ ബാങ്ക് ടി20 കപ്പില്‍  റാവല്‍പിണ്ടി റാംസിനെതിരെ കറാച്ചി ഡോള്‍ഫിന്‍സ് 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. വിദര്‍ഭ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്കായി അജിങ്ക്യാ രഹാനെയും പൃഥ്വി ഷായും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഏഴോവറില്‍ 83 റണ്‍സടിച്ചു. 26 പന്തില്‍ 49 റണ്‍സെടുത്ത പൃഥ്വി ഷാ പുറത്തായശേഷവും അടി തുടര്‍ന്ന രഹാനെ 45 പന്തില്‍ 84 റണ്‍സടിച്ചപ്പോള്‍ ശ്രേയസ് അയ്യരും(5), സൂര്യകുമാര്‍ യാദവും(9) നിരാശപ്പെടുത്തി.

എന്നാല്‍ ശിവം ദുബെയും(22 പന്തില്‍ 37), സൂര്യാന്‍ഷ് ഷെഡ്ജെയും(12 പന്തില്‍ 36) ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ മുംബൈ ലക്ഷ്യത്തിലെത്തി. പതിനാറാം ഓവറിലെ ആദ്യ പന്തില്‍ രഹാനെ പുറത്താവുമ്പോള്‍ മുംബൈക്ക് ജയിക്കാന്‍ 29 പന്തില്‍ 65 റണ്‍സ് വേണമായിരുന്നു.രഹാനെ പുറത്തായശേഷം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാന്‍ഷ് ഹെഡ്ജെ ആണ് മുംബൈക്ക് അവിശ്വസനീയ ജയമൊരുക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios