'വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണം'; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ
കരുനാഗപ്പള്ളിയിലെ വിഭാഗീയത മുതൽ മന്ത്രിസഭയുടെ പോരായ്മവരെ ചർച്ചയായ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ഉയർന്നത് വലിയ വിമർശനം
കൊല്ലം: വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. നേതാക്കൾ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു. സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്നും ചോദ്യമുയർന്നു. സമ്മേളനം ഇന്ന് സമാപിക്കും.
സിപിഎം കൊല്ലം ജില്ലാസമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടന്ന പൊതുചർച്ചയിൽ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്. കരുനാഗപ്പള്ളിയിലെ വിഭാഗീയത മുതൽ മന്ത്രിസഭയുടെ പോരായ്മവരെ ചർച്ചയായി. വിഭാഗീയത പരിഹരിക്കുന്നതിൽ ജില്ലാനേതൃത്വം പരാജയമെന്നായിരുന്നു വിമർശനം. വിവിധ വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വിമർശനം നേരിട്ടു. ചർച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഇന്നലെ മറുപടി നൽകി. സംസ്ഥാന സെക്രട്ടറി ഇന്ന് മറുപടി പറയും. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള പാനൽ അവതരിപ്പിക്കും. വിഭാഗീയതയ്ക്ക് നേതൃത്വം നൽകിയെന്ന് വിമർശനം നേരിടുന്ന ജില്ലാ കമ്മിറ്റി അംഗം പി.ആർ വസന്തനെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിലവിലെ ജില്ലാ സെക്രട്ടറി എസ്. സുദേവൻ തന്നെ സെക്രട്ടറിയായി തുടർന്നേക്കും.