55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ കുഴൽക്കിണറിൽ വീണ 5 വയസുകാരനെ പുറത്ത് എത്തിച്ചു, ജീവൻ രക്ഷിക്കാനായില്ല
55 മണിക്കൂർ വിശ്രമം ഇല്ലാതെ നടത്തിയ രക്ഷാപ്രവർത്തനം പാഴായി. കുഴൽക്കിണറിൽ വീണ 5 വയസുകാരനെ പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ധൗസ: രാജസ്ഥാനിലെ ധൗസയിൽ കുഴൽ കിണറിൽ വീണ കുട്ടി മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി കുഴൽ കിണറിൽ വീണത്. കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടയാണ് അഞ്ചുവയസ്സുകാരൻ ആര്യൻ കുഴൽക്കിണറിൽ വീണത്. കുട്ടി കുഴൽക്കിണറിൽ വീണെന്ന് വ്യക്തമായി ഒരു മണിക്കൂറിനുള്ളിൽ ആരംഭിച്ച രക്ഷാപ്രവർത്തനം 55 മണിക്കൂറാണ് നീണ്ടത്. കുട്ടി വീണ കുഴൽക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ച് അഞ്ച് വയസുകാരനെ പുറത്തെത്തിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ഒന്നിച്ചാണ് പ്രവർത്തിച്ചത്.
ഒരു പൈപ്പിലൂടെ ആര്യൻ വീണ കുഴൽക്കിണറിനുള്ളിലേക്ക് ഓക്സിജൻ നിരന്തരമായി നൽകുന്നതിനിടയിലായിരുന്നു സമാന്തരമായി കുഴിയുടെ പ്രവർത്തനം നടന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ആര്യൻ കുഴൽക്കിണറിനുള്ളിൽ വീണത്. ചൊവ്വാഴ്ച മുതൽ എക്സ്സിഎംജി 180 പൈലിംഗ് റിഗ് മെഷീൻ അടക്കമുള്ളവ ഉപയോഗിച്ചാണ് സമാന്തരമായ കുഴി കുഴിച്ചത്. 150 അടിയിലേറെ ആഴമുള്ള സമാന്തര കുഴിയാണ് രക്ഷാദൌത്യം കുഴിച്ചത്. മേഖലയിലെ 160 അടിയിൽ തന്നെ ജല സാന്നിധ്യമുള്ളതും കുഞ്ഞിന്റെ ചലനം തിരിച്ചറിയാൻ സാധിക്കാതിരുന്നതുമെല്ലാം രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചതായി അധികൃതർ വിശദമാക്കിയിരുന്നു.
150 അടിയോളം കുഴിച്ച ശേഷം സംരക്ഷിത കവചവുമായി രക്ഷാപ്രവർത്തകർ കുഴിയിലേക്ക് ഇറങ്ങിയായിരുന്നു കുട്ടിയെ പുറത്ത് എടുത്തത്. രണ്ടു രണ്ടുദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം