പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകരെ വരവേറ്റ് നാട്ടുകാര്‍; നന്ദി പറഞ്ഞ് മുഖ്യമന്ത്രി, അഭിമാനമെന്ന് ആരോഗ്യമന്ത്രി

ഇന്ന് കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രദേശവാസികൾ വരവേറ്റത്. 
പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന കാഴ്ചയായിരുന്നു കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി

cm and health minister response after poonthura people give warm welcome to health workers

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് പരിഹാരം ചെയ്ത പൂന്തുറയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രദേശവാസികൾ വരവേറ്റത്. 

പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന കാഴ്ചയായിരുന്നു കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സൂപ്പർ സ്പ്രെഡിനെത്തുടർന്ന് കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം കേരളത്തിന്‍റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി തുടക്കം തൊട്ടു തന്നെ മികച്ച രീതിയിൽ സഹകരിച്ചു വന്നവരായിരുന്നു.

ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി ആ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂർണ മനസോടെ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ ചെയ്തിരിക്കുന്നത്. സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദമായി നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം.

"

ആ പോരാട്ടത്തിൽ നിങ്ങൾക്കു മുന്നിൽ സർക്കാരുണ്ടെന്നും അദ്ദേഹം കുറിച്ചു. പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന ദൃശ്യം കാണുമ്പോൾ ഏറെ ആശ്വാസം തോന്നുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രളയത്തിന്റെ നാളുകളിൽ നാടിനെ രക്ഷിക്കാൻ ഈ പ്രദേശത്തെ നിരവധി പ്രവർത്തകർ നടത്തിയ ത്യാഗപൂർണമായ പ്രവർത്തനം നമ്മുടെയെല്ലാം മനസിലുണ്ട്.

തുടർന്നുള്ള നാളുകളിലും ആ ഒത്തൊരുമയോടെ കൊവിഡ് ബാധയിൽ നിന്ന് നമ്മുടെ നാടിനെ തിരിച്ചു കൊണ്ടുവരാം. കൊവിഡ് അതിജീവന പ്രക്രിയയിൽ കാസർഗോഡ് മാതൃക ഇന്ന് ആത്മാഭിമാനത്തോടെ പറയുംപോലെ സൂപ്പർ സ്പ്രെഡ് ഉണ്ടായിട്ടും വ്യാപനത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞ ഒരു പൂന്തുറ മാതൃക ഉണ്ടെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയണമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

നേരത്തെ, കൊവിഡ് വ്യാപനം ശക്തമായ പൂന്തുറയിൽ ജോലിക്കെത്തിയ ആരോഗ്യപ്രവർത്തകരെ തൊടാനും അവരുടെ നേരെ ചുമയ്ക്കാനും തുപ്പാനും ശ്രമമുണ്ടായത് ദേശീയതലത്തിൽ തന്നെ വാർത്തയായിരുന്നു. കൊവിഡിനെതിരെ മാസങ്ങളായി പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റം പൂന്തുറയ്ക്ക് ആകെ ചീത്തപ്പേരാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ വൈദികരടക്കം മുൻകൈയ്യെടുത്ത് ആരോഗ്യപ്രവർത്തകർക്ക് സ്വീകരണമൊരുക്കിയത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios