ജീവനക്കാരൻ്റെ ആത്മഹത്യ: ഉത്തരവാദി താനും കമ്പനിയുമെന്ന് ട്രാക്കോ കേബിൾ കമ്പനി ചെയർമാൻ ബാലചന്ദ്രൻ
ട്രാക്കോ കേബിളിലെ ജീവനക്കാരുടെ മുഴുവൻ കുടിശ്ശികയും ആനുകൂല്യങ്ങളും രണ്ട് മാസത്തിനകം കൊടുത്തു തീർക്കുമെന്നും വഴുതാനത്ത് ബാലചന്ദ്രൻ
കൊച്ചി: ട്രാക്കോ കേബിളിലെ ജീവനക്കാരന്റെ ആത്മഹത്യയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയർമാൻ. മരണത്തിൻറെ ഉത്തരവാദിത്വം തനിക്കും സ്ഥാപനത്തിനുമെന്നു ചെയർമാൻ വഴുതാനത്ത് ബാലചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആറ് മാസം മുമ്പ് തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഒരു പാക്കേജ് രൂപപ്പെട്ടിരുന്നു. എന്നാൽ ആ പാക്കേജ് നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായി. അതിൻറെ കാരണമെന്തെന്ന് താൻ പറയുന്നില്ല. പാക്കേജില്ലെന്ന് എം ഡി പറഞ്ഞതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ താനില്ല. വിഷയത്തിൽ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. രണ്ട് മാസത്തിനകം ജീവനക്കാരുടെ മുഴുവൻ കുടിശ്ശികയും ആനുകൂല്യങ്ങളും കൊടുത്തു തീർക്കുമെന്നും അതിന് ഈ മരണം ഒരു നിമിത്തമായെന്നും ബാലചന്ദ്രൻ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിൽ ശമ്പളം മുടങ്ങിയതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ജീവനക്കാരൻ ഉണ്ണിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷമായിരുന്നു ബാലചന്ദ്രൻ്റെ പ്രതികരണം. വെള്ളിയാഴ്ച വൈകിട്ടാണ് ഉണ്ണി വീട്ടിൽ തൂങ്ങിമരിച്ചത് . 11 മാസമായി സ്ഥാപനത്തിൽ ശമ്പളം കിട്ടാത്തതിനെ തുടർന്നുള്ള മാനസിക സംഘർഷമാണ് ഉണ്ണിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങളും സഹപ്രവർത്തകരും ആരോപണമുന്നയിച്ചിരുന്നു. സ്ഥാപനത്തിന്റെ എംഡി യുടെ നിലപാടുകളാണ് ഉണ്ണിയുടെ മരണത്തിന് കാരണമായതെന്നും ട്രാകോ കേബിൾ ജീവനക്കാർ പരാതി ഉന്നയിച്ചിരുന്നു . എന്നാൽ സർക്കാർ പരമാവധി സാമ്പത്തിക സഹായം ട്രാക്കോ കേബിളിന് നൽകിയിട്ടുണ്ടെന്നും മരണകാരണത്തെപ്പറ്റി അന്വേഷണം വേണമെന്ന് ഉള്ള നിലപാടാണ് വ്യവസായ മന്ത്രി പി രാജീവ് സ്വീകരിച്ചത്. ഉണ്ണിയുടെ മരണത്തിൻറെ പശ്ചാത്തലത്തിൽ കൂടുതൽ പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് സഹപ്രവർത്തകർ അറിയിച്ചു.