ഇത് ജാർഖണ്ഡിന്‍റെ സ്വന്തം മലപ്പുറത്തുകാരൻ 'കളക്ടർ സാബ്'; കേന്ദ്ര സർക്കാരിന്‍റെ അംഗീകാരനിറവിൽ അബൂബക്കർ സിദ്ദിഖ്

ജാര്‍ഖണ്ഡുകാരുടെ സ്വന്തം കളക്ടര്‍ സാബ് ആണ് മലപ്പുറം സ്വദേശി അബൂബക്കര്‍ സിദ്ദിഖ്. മാവോയിസ്റ്റ് മേഖലകളിലടക്കം പ്രവർത്തിച്ച് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരവും കളക്ടറെ തേടിയെത്തി.

jharkhand's malayali 'collector sab' central government felicitates Malappuram native collector aboobacker sidique

ദില്ലി: കളക്ടർ സാബ് എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഒരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥനുണ്ട് ജാർഖണ്ഡിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി കയ്യടി നേടുന്നത്. മാവോയിസ്റ്റ് മേഖലകളിലടക്കം പ്രവർത്തിച്ച് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം നേടിയ അബൂബക്കർ സിദ്ദിഖ് രണ്ട് പതിറ്റാണ്ടിലേറെ കാലത്തെ സിവിൽ സർവീസ് ജീവിതത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.

2003 ലാണ് കൊണ്ടോട്ടിയിലെ കിഴിശ്ശേരിയിൽ നിന്ന് സബ് കളക്ടറായി അബൂബക്കർ സിദ്ദീഖ് ജാർഖണ്ഡിൽ എത്തുന്നത്. ജാർഖണ്ഡിൽ ഐഎഎസ് ഉദ്യോഗസ്ഥനായി ഇപ്പോള്‍ 21 വര്‍ഷം പിന്നിട്ടു. ജെഎൻയുവിലെ പഠനക്കാലത്താണ് സിവിൽസർവീസ് നേടുന്നത്. സംസ്ഥാന രൂപീകൃതമായി മൂന്നാം വർഷമായിരുന്നു ജാർഖണ്ഡിലേക്കുള്ള നിയോഗം. അന്ന് മാവോയിസം ശക്തമായിരുന്ന വെസ്റ്റ് സിങ്ഭും, ഛത്രാ, സിംഡേഗാ, ഉൾപ്പെടെ നാല് ജില്ലകളിലായി ഒന്പത് വർഷം കള്ടറായി സേവനം അനുഷ്ഠിച്ചു. സാധാരണക്കാരനിലേക്ക് ഉദ്യോഗസ്ഥരുടെ സേവനം എത്തിക്കാൻ ജനതാ ദർബാർ എന്ന പരിപാടി നടത്തി വലിയ കയ്യടി ആക്കാലത്ത് അബൂബക്കർ സിദ്ദീഖ് നേടി. അന്ന് ജാർഖണ്ഡുകാർ നൽകിയ പേരാണ് കളക്ടർ സാബ്.

സാധാരണ ഉന്നത ഉദ്യോഗസ്ഥർ കടന്നു പോകാത്ത മേഖലകളിലേക്ക് വരെ സിദ്ദിഖ് എത്തി. ജനതാ ദർബറിലൂടെ സർക്കാരിന്‍റെയും ജനങ്ങളുടെ വിശ്വാസം നേടി. ഇതിനിടെ മാവോയിസ്റ്റ് ആക്രമണത്തിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെടൽ. ഒടുവിൽ ജനത ദർബർ തടയാൻ എത്തിയ മാവോയിസ്റ്റുകളിൽ നിന്നുണ്ടായ അനുഭവവും അബൂബക്കര്‍ സിദിഖ് വിവരിച്ചു. ഓരോ മാസവും ഗ്രാമങ്ങളില്‍ പോയി ജനതാ ദര്‍ബാര്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാൻ നടപടിയെടുക്കുകയായിരുന്നുവെന്ന് അബൂബക്കര്‍ സിദ്ദിഖ് പറഞ്ഞു. ഒരു ഗ്രാമത്തിൽ നക്സൽ ഗ്രൂപ്പ് വന്നിട്ടുണ്ടെന്നും ജനതാ ദര്‍ബാര്‍ നിര്‍ത്തണമെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിനിടെ മീഡിയ വഴി ജനത ദര്‍ബാര്‍ നടത്തണമെന്ന് നക്സൽ ഗ്രൂപ്പ് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരിപാടി നടത്തി ഗ്രാമത്തിൽ നിന്ന് മടങ്ങിയതെന്നും അബൂബക്കര്‍ സിദ്ദിഖ് പറഞ്ഞു.

നക്സൽ മേഖലയായ പശ്ചിമ സിങ്ഭുമിൽ 2015 സുഗമമായി വോട്ടെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുരസ്ക്കാരവും നേടി. അതിന് മുൻപ് ഒരാൾ പോലും വോട്ടെടുപ്പിന് എത്താത്തിരുന്നിടങ്ങളിൽ പോലും തുടർപ്രവർത്തനങ്ങളിലൂടെ മികച്ച വോട്ടെടുപ്പ് നടത്തിയതിനായിരുന്നു അംഗീകാരം. നിലവിൽ സംസ്ഥാന വനം പരിസ്ഥിതി, കൃഷി മൃഗസംരക്ഷണം അടക്കം വകുപ്പുകളുടെ സെക്രട്ടറിയാണ് അബൂബക്കർ സിദ്ദീഖ്. മലപ്പുറത്തെ കിഴിശ്ശേരി എന്ന കൊച്ചുഗ്രാമം പോലെ ജാർഖണ്ഡും പ്രിയപ്പെട്ടതായെന്ന് സിദ്ദിഖ് പറയുന്നു.

പുതുച്ചേരിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി, 24 മണിക്കൂറിനിടെ റെക്കോഡ് മഴ

 

Latest Videos
Follow Us:
Download App:
  • android
  • ios