കുഴഞ്ഞുവീണ യാത്രക്കാരനുമായി 'നീനു സ്റ്റാർ' നേരെ ആശുപത്രിയിലേക്ക്; രക്ഷകരായി ബസ് ജീവനക്കാർ, 23കാരന് പുതുജന്മം
വളാഞ്ചേരിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് യാത്രക്കാരൻ കുഴഞ്ഞുവീണതോടെ നേരെ ആശുപത്രിയിലേക്ക് വിട്ടത്
പാലക്കാട്: യാത്രക്കിടെ കുഴഞ്ഞ് വീണ യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാൻ ബസ് നേരെ ആശുപത്രിയിലേക്ക് വിട്ട് ബസ് ജീവനക്കാർ. വളാഞ്ചേരി - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന നീനു സ്റ്റാർ (സബിനാസ്) ബസാണ് നേരെ ആശുപത്രിയിലേക്ക് വിട്ട് യാത്രക്കാരന്‍റെ ജീവൻ രക്ഷിച്ചത്. ബസ് ഡ്രൈവർ ചാത്തനൂർ സ്വദേശി മനാഫ്, കണ്ടക്ടർ കൊടുമുണ്ട സ്വദേശി ഷറഫുദ്ദീൻ അലിമോൻ, വളാഞ്ചേരി സ്വദേശി അഭിനവ് എന്നിവരുടെ അവസരോചിത ഇടപെടലാണ് വാണിയംകുളം സ്വദേശി മണികണ്ഠന്‍റെ (23) ജീവന് രക്ഷയായത്.
ശനിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. വളാഞ്ചേരിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസിൽ പട്ടാമ്പിയിൽ നിന്ന് വാണിയംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവ്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് ഓങ്ങല്ലൂരിൽ വെച്ച് ബസിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ബസ് വാണിയംകുളം പി കെ ദാസ് ആശുപത്രിയിലേക്ക് വിട്ട് യുവാവിന്‍റെ ജീവൻ രക്ഷിച്ചു.