ലോക്സഭയിലേയ്ക്ക് ഉറ്റുനോക്കി രാജ്യം, ഇന്ന് മോദി vs രാഹുൽ; ഭരണഘടന ചർച്ച തുടരും
ഉച്ചയ്ക്ക് 2 മണിയ്ക്ക് രാഹുൽ ഗാന്ധിയും 5 മണിയ്ക്ക് പ്രധാനമന്ത്രിയും സംസാരിക്കുമെന്നാണ് റിപ്പോർട്ട്.
ദില്ലി: ലോക്സഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. പ്രതിപക്ഷത്ത് നിന്ന് രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. കഴിഞ്ഞ ദിവസം ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച പ്രിയങ്ക ഗാന്ധി ഭരണഘടനയും, സംവരണവും സര്‍ക്കാര്‍ അട്ടിമറിക്കുകയാണന്ന് ആരോപിച്ചിരുന്നു. ഭരണഘടനാ ഭേദഗതി ചരിത്രം ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
ഉച്ചയ്ക്ക് 2 മണിയ്ക്കായിരിക്കും രാഹുൽ ഗാന്ധി സംസാരിക്കുകയെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. 5 മണിയ്ക്കായിരിക്കും ഈ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നൽകുക. ബിജെപി പക്ഷത്ത് നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗായിരുന്നു ചർച്ചകൾക്ക് തുടക്കമിട്ടത്. അതിന് ശേഷം ഇന്ന് പ്രധാനമന്ത്രി നൽകുന്ന മറുപടിയോടെ ഈ ചർച്ച ലോക്സഭയിൽ അവസാനിക്കും.
അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗമായിരുന്നു കഴിഞ്ഞ ദിവസം വലിയ ശ്രദ്ധ നേടിയത്. സർക്കാരിനെ ആക്രമിക്കുന്ന ശൈലി പ്രിയങ്കാ ഗാന്ധിയും സ്വീകരിക്കുന്നതാണ് കാണാനായത്. പ്രിയങ്കയുടെ പ്രസംഗം ബിജെപി അംഗങ്ങൾ തടസപ്പെടുത്തിയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. എന്നാൽ, ഇന്ന് രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ സാഹചര്യം വ്യത്യസ്തമാകാനാണ് സാധ്യത. അദാനി, മണിപ്പൂർ തുടങ്ങിയ വിഷയങ്ങൾ രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചേക്കുമെന്നാണ് സൂചന.