പനയമ്പാടത്ത് 'സ്റ്റോപ് സൈറ്റ് ഡിസ്റ്റൻസ്' കുറവ്, പിഴവ് എണ്ണിപ്പറഞ്ഞ് ഐഐടി റിപ്പോർട്ട്; 4 ജീവനെടുത്തത് വൻവീഴ്ച

റോഡിന് വണ്ടികൾ തെന്നിമാറുന്നത് ഒഴിവാക്കാൻ പാകത്തിന് സ്കിഡ് റെസിറ്റൻസ് ഇല്ലെന്നും റിപ്പോ൪ട്ടിൽ പറയുന്നു. സ്ഥിരം അപകടമേഖലയെന്ന് കണ്ടെത്തിയ പാലക്കാട്ടെ പനയംപാടത്ത് നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടൽ മാത്രമാണ്.

IIT report confirms severe mistakes in the construction of the Panayampadam road where four students were killed

പാലക്കാട്: പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിൽ  റോഡ് നിർമാണത്തിൽ വലിയ പാകപിഴകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഐഐടി റിപ്പോർട്ട് പുറത്ത്. അപകടം നടന്ന റോഡിൽ സ്റ്റോപ്പ്‌ സൈറ്റ് ഡിസ്റ്റൻസ് (മുന്നിൽ പോകുന്ന വാഹനത്തെ മനസിലാക്കി നിർത്താനും വേഗം കുറയ്ക്കാനും ഉള്ള കാഴ്ച ദൂരം) വളരെ കുറവാണെന്നും ഓവർ ടേക്കിങ് സൈറ്റ് ഡിസ്റ്റൻസും (മറ്റൊരു വണ്ടിയെ മറികടക്കാൻ പാകത്തിന് വേണ്ട കാഴച് ദൂരവും) കുറവാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.റോഡ് നിർമാണത്തിലെ വീഴ്ചകൾ എണ്ണിപറഞ്ഞുള്ള ഐഐടി റിപ്പോർട്ടിന്‍റെ പൂർണ്ണ രൂപം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

പാലക്കാട്  കോഴിക്കോട് ദേശീയ പാതയിലെ പനയംപാടം സ്ഥിരം അപകടമേഖലയെന്നാണ്  മോട്ടോ൪ വാഹന വകുപ്പിന് വേണ്ടി പാലക്കാട് ഐഐടി തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റോഡിന് വണ്ടികൾ തെന്നിമാറുന്നത് ഒഴിവാക്കാൻ പാകത്തിന് സ്കിഡ് റെസിറ്റൻസ് ഇല്ലെന്നും റിപ്പോ൪ട്ടിൽ പറയുന്നു. സ്ഥിരം അപകടമേഖലയെന്ന് കണ്ടെത്തിയ പാലക്കാട്ടെ പനയംപാടത്ത് നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടൽ മാത്രമാണ്. അതേസമയം ഐഐടി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് ജില്ലാ ഭരണകൂടവും  സമ്മതിച്ചു. 

റിപ്പോർട്ടിലെ നിർദേശങ്ങളിൽ നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടൽ മാത്രമാണ്. ആറ് മാസം മുമ്പ് ഗ്രിപ്പിട്ടെങ്കിലും അതിന്‍റെ ഗുണ ഫലമില്ലെന്നതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ അപകടം.  റോഡിൽ വേഗ നിയന്ത്രണ സംവിധാനം ഏ൪പ്പെടുത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു. 70കിലോമീറ്റ൪ വേഗത 30 കിലോമീറ്ററാക്കി ചുരുക്കണമെന്നും ഇത് വ്യക്തമാക്കുന്ന കട്ടികൂടിയ മാ൪ക്കുകൾ റോഡിൽ വേണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ഒരേദിശയിൽ പോവുന്ന വാഹനങ്ങൾ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കണം. വളവുകളിൽ വശം മാറി സഞ്ചരിക്കുന്നത് ഒഴിവാക്കാൻ ഡെലിനേറ്ററുകൾ സ്ഥാപിക്കണം. റോഡും അരികിലെ മണ്ണും തമ്മിൽ ഉയര വ്യത്യാസമുണ്ട്, ഇതിന് പരിഹാരം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

 എന്നാൽ ഈ നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയിരുന്നില്ല. അപകടം നടന്നതിന് പിന്നാലെ റോഡ് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാല് വിദ്യാ൪ത്ഥിനികളുടെ മരണത്തിനിടയാക്കിയ പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന നടത്തുന്നുണ്ട്. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന.

Read More : മൂന്നാറിൽ വിനോദയാത്രക്കെത്തി മടങ്ങവേ കാർ കൊക്കയിലേക്ക് മറിഞ്ഞു, വീണത് കിണറിന് തൊട്ടടുത്ത്; 5 പേർക്ക് പരിക്ക്

Latest Videos
Follow Us:
Download App:
  • android
  • ios