'20 കൊല്ലം വേണ്ട, 3 വർഷത്തിനകം കേരളത്തിന്‍റെ മുഖച്ഛായ മാറും', കിഫ്ബിയിൽ ഐസക്
കേന്ദ്രസർക്കാർ നമ്മെ വായ്‍പയെടുക്കാൻ അനുവദിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുകയാണ്. ഇതിനെ മറികടക്കാനാണ് കിഫ്ബി കൊണ്ടുവന്നത്. സാമ്പത്തിക മാന്ദ്യം മുന്നിൽ കണ്ട് നമ്മൾ കിഫ്ബി വഴി ഒരു പാക്കേജുണ്ടാക്കി.
തിരുവനന്തപുരം: രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ ഉഴലുമ്പോൾ അത് മറികടക്കാനുള്ള വഴിയെന്തെന്ന് വിശദീകരിച്ച് ധനമന്ത്രി തോമസ് ഐസക്. രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തികമാന്ദ്യ വിരുദ്ധ പാക്കേജാണിതെന്ന് തോമസ് ഐസക് പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾ മുൻകൂട്ടിക്കണ്ട്, 2016-17-ൽത്തന്നെ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്നും, കിഫ്ബി അതിന് മികച്ച സഹായമാണ് നൽകിയതെന്നും ഐസക് ബജറ്റ് പ്രസംഗത്തിൽ വിശദീകരിക്കുന്നു.
പ്രളയകാലത്ത് പോലും പ്രതിസന്ധിയെ അതീജിവിക്കാനായി സംസ്ഥാനസർക്കാരിനെ വായ്പയെടുക്കാൻ അനുവദിക്കാതിരുന്ന കേന്ദ്രസർക്കാരിന്‍റെ ഫെഡറൽ വിരുദ്ധ നയങ്ങളെ അതിജീവിക്കാൻ ഈ പാക്കേജിനാകും എന്ന് തോമസ് ഐസക് വ്യക്തമാക്കുന്നു. അതിന് തോമസ് ഐസക് കൂട്ടുപിടിക്കുന്നത് കിഫ്‍ബിയെയാണ്.
ആദ്യം കിഫ്‍ബിക്കെതിരെ വലിയ വിമർശനങ്ങളായിരുന്നെങ്കിലും ഇപ്പോൾ കിഫ്ബി പ്രോജക്ടുകൾ കിട്ടാൻ ഇന്ന് എല്ലാവരും മത്സരിക്കുകയാണ്. 675 പ്രോജക്ടുകളിലായി 35028 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകിക്കഴിഞ്ഞു. വ്യവസായപാർക്കുകൾക്ക് 14275 കോടി. ദേശീയപാത സ്ഥലമേറ്റെടുക്കുന്നതിന് 5724 കോടി.
കിഫ്ബിയുടെ ആകെ അടങ്കൽ തുക 54678 കോടി രൂപയാണ്. ഇതിൽ 13616 കോടി രൂപ ടെണ്ടർ വിളിച്ചുകഴിഞ്ഞു. 4500 കോടി രൂപയുടെ പണികൾ പൂർത്തീകരിച്ചു.
കിഫ്ബിയുടേത് നടപ്പാക്കാനാവാത്തവന്‍റെ സ്വപ്നമെന്നും, ഇതിൽ പണമുണ്ടാവില്ല എന്നും വിമർശനം ഉയർന്നത് മസാല ബോണ്ടോടെ നിശ്ശബ്ദമായി. പണം തിരിച്ചടയ്ക്കാൻ മോട്ടോർ വാഹനികുതിയുടെ പകുതിയും പെട്രോൾ സെസ്സും 15 വർഷം തിരിച്ചടച്ചാൽ മുതലും പലിശയും തിരിച്ചടക്കാനാകുമെന്ന് കണക്കുകൾ സഹിതം സർക്കാർ വ്യക്തമാക്കുകയും ചെയ്തതാണ്.
2985 കിമീ നീളമുള്ള ഡിസൈൻഡ് റോഡുകൾ, 43 കിമീ നീളമുള്ള പത്ത് ബൈപ്പാസ്, 22 കിമീ ഫ്ലൈ ഓവറുകൾ, 53 കിമീ പാലങ്ങൾ, കോവളം - ബേക്കൽ ജലപാത, കെ ഫോൺ പദ്ധതി, സ്കൂൾ കെട്ടിടങ്ങൾ, ഡിജിറ്റലൈസേഷൻ പദ്ധതി, കോളേജ് കെട്ടിടങ്ങൾ, ഐടി കെട്ടിടങ്ങൾ, സാംസ്കാരികകേന്ദ്രങ്ങൾ, കുടിവെള്ളപദ്ധതികൾ, വിതരണ പദ്ധതികൾ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഇത് വഴി വിഭാവനം ചെയ്യുന്നത്.
2021 മാർച്ചോടെ ഉദ്ഘാടനം പൂർത്തിയാക്കുന്ന പദ്ധതികൾഇപ്പോൾത്തന്നെ പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞ തോമസ് ഐസക് ആ സമയത്തോടെ എല്ലാ പ്രൊജക്ടുകളുടെയും നിർമാണം തുടങ്ങുമെന്നും വ്യക്തമാക്കി. ''രാജ്യത്തെ ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജാണിത്. ഇതിലൂടെ മാന്ദ്യത്തെ നമ്മൾ അതിജീവിക്കും. ഇതിലുള്ള ഏക വെല്ലുവിളി സമയബന്ധിതമായി ഗുണമേൻമയോടെ എങ്ങനെ ഈ പദ്ധതികൾ പൂർത്തിയാക്കാം എന്നതാണ്'', തോമസ് ഐസക് പറഞ്ഞു നിർത്തുന്നു.