ട്രംപ് ജയിച്ചതോടെ മസ്‌കിന്‍റെ എക്‌സില്‍ കൊഴിഞ്ഞുപോക്ക്; ബ്ലൂസ്‌കൈക്ക് ലോട്ടറി, ഒഴുകിയെത്തി 25 ലക്ഷം പേര്‍
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ എക്‌സ് അക്കൗണ്ട് ഉപേക്ഷിക്കുന്ന ട്രെന്‍ഡിനാണ് അമേരിക്ക സാക്ഷ്യംവഹിക്കുന്നത്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ മൈക്രോ ബ്ലോഗിംഗ് സര്‍വീസായ എക്‌സ് ഉപേക്ഷിച്ച് നിരവധി യൂസര്‍മാര്‍. ഇതോടെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ട്‌അപ്പായ ബ്ലൂസ്‌കൈക്ക് ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത് എന്ന് പ്രമുഖ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് എക്‌സ് അക്കൗണ്ട് ഉപേക്ഷിക്കുന്ന ട്രെന്‍ഡിന് അമേരിക്കയില്‍ തുടക്കമായത്. കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് 2.5 മില്യണ്‍ (25 ലക്ഷം) പുത്തന്‍ യൂസര്‍മാരെയാണ് ബ്ലൂസ്‌കൈക്ക് ലഭിച്ചത്. ഇതോടെ ബ്ലൂസ്‌കൈയില്‍ അക്കൗണ്ടുള്ളവരുടെ എണ്ണം 16 മില്യണ്‍ (ഒരു കോടി 60 ലക്ഷം) കടന്നു. ഇലോണ്‍ മസ്‌കിന്‍റെ എക്‌സിന് പകരമാവാന്‍ ശ്രമിക്കുന്ന ആപ്ലിക്കേഷനാണ് ബ്ലൂസ്‌കൈ.
ലൈക്കുകളിലും ഫോളോയിലും പുതിയ അക്കൗണ്ടുകളുടെ എണ്ണത്തിലും ബ്ലൂസ്‌കൈ റെക്കോര്‍ഡ് വളര്‍ച്ചയാണ് കാണിക്കുന്നത്. ഒരു ദിവസം കൊണ്ട് മാത്രം 10 ലക്ഷം പുതിയ യൂസര്‍മാരെ ചേര്‍ക്കാനുള്ള പാതയിലാണ് ആപ്പ് എന്നും ബ്ലൂസ്‌കൈ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് സര്‍വീസായ ത്രഡ്‌സിനും വെല്ലുവിളിയായേക്കാം ബ്ലൂസ്‌കൈയുടെ കുതിപ്പ്.