കോഴിക്കോട് മെട്രോ; ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി ധനമന്ത്രി
വെസ്റ്റ് ഹിൽ - രാമനാട്ടുകര ഇടനാഴി നഗരത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കും. 19 കിലോമീറ്റർ നീളത്തിലുള്ള പാതയാണ് ഇത്.
തിരുവനന്തപുരം: കോഴിക്കോട്,മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണ വേളയിലാണ് ഇക്കാര്യം ധനമന്ത്രി വ്യക്തമാക്കിയത്. രണ്ട് റൂട്ടുകൾ ആണ് പരിഗണനയിൽ ഉള്ളത്.
മീഞ്ചന്ത-രാമനാട്ടുകര, ബീച്ച്-മെഡിക്കല്‍ കോളേജ് പാതകളാണ് ലൈറ്റ് മെട്രോയ്ക്കായി ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തുടക്കമിട്ട പദ്ധതി പിന്നീട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വീണ്ടും ചര്‍ച്ചയായിരുന്നെങ്കിലും പരിഗണനയിൽ വരുന്നത് ഇപ്പോഴാണ്
മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയായിരുന്നു ആദ്യ ഘട്ടത്തിലെ നിര്‍ദ്ദേശമെങ്കില്‍ നിലവില്‍ വെസ്റ്റ്ഹിൽ-രാമനാട്ടുകര, ബീച്ച്-മെഡിക്കല്‍ കോളജ് പാതകളാണ് പരിഗണനയില്‍.
കോഴിക്കോട് മെട്രോ പദ്ധതിയുടെ സമഗ്ര ഗതാഗത പ്ലാനിൻ്റെ കരടുരേഖയുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടറേറ്റിൽ കഴിഞ്ഞ ശനിയാഴ്ച യോഗം നടന്നിരുന്നു. അനുദിനം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കോഴിക്കോട് നഗരത്തില്‍ മെട്രോ പോലുളള ബദല്‍ ഗതാഗത മാര്‍ഗ്ഗങ്ങള്‍ അനിവാര്യമെന്ന് യോഗം വിലയരുത്തി. ദിവസേന ഒരു ലക്ഷം വാഹനങ്ങളാണ് കോഴിക്കോട് നഗരത്തില്‍ കടന്നു വരുന്നതെന്ന് ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 167 ജീവനുകളാണ് നഗരത്തിലെ റോഡുകളിൽ പൊലിഞ്ഞത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.
വെസ്റ്റ് ഹിൽ - രാമനാട്ടുകര ഇടനാഴി നഗരത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കും. 19 കിലോമീറ്റർ നീളത്തിലുള്ള പാതയാണ് ഇത്. കൂടാതെ, 8.1 കിലോമീറ്റർ ദൈർഘ്യമുള്ള കോഴിക്കോട് ബീച്ച് - മെഡിക്കൽ കോളേജ് ഇടനാഴി കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കും