ബിജെപിയുടെ കോർ കമ്മിറ്റിയും ഭാരവാഹി യോഗവും ഇന്ന്; ശോഭാ സുരേന്ദ്രനും എംഎസ് കുമാറും വിട്ടു നില്‍ക്കും

ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വൈസ് പ്രസിഡണ്ടാക്കി മാറ്റിയ ശോഭാ സുരേന്ദ്രൻ യോഗത്തിനെത്താൻ സാധ്യതയില്ല. വക്താവ് സ്ഥാനം വേണ്ടെന്ന് അറിയിച്ച എംഎസ് കുമാറും വിട്ടുനിന്നേക്കും.

bjp core committee meeting today

തിരുവനന്തപുരം: കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡണ്ടായ ശേഷമുള്ള ബിജെപിയുടെ ആദ്യ കോർ കമ്മിറ്റിയും ഭാരവാഹി യോഗവും ഇന്ന് ചേരും. നേരത്തെ എതിർപ്പുയർത്തിയിരുന്ന വൈസ് പ്രസിഡണ്ട് എ.എൻ രാധാകൃഷ്ണനും ജനറൽ സെക്രട്ടറി എംടി രമേശും യോഗത്തിനെത്തും. എ.എൻ രാധാകൃഷ്ണനെ കോർക്കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതോടെയാണ് കൃഷ്ണദാസ് പക്ഷം അനുനയത്തിന് തയ്യാറായത്. 

അതേ സമയം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വൈസ് പ്രസിഡണ്ടാക്കി മാറ്റിയ ശോഭാ സുരേന്ദ്രൻ യോഗത്തിനെത്താൻ സാധ്യതയില്ല. വക്താവ് സ്ഥാനം വേണ്ടെന്ന് അറിയിച്ച എംഎസ് കുമാറും വിട്ടുനിന്നേക്കും. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് അടക്കം യോഗത്തിൽ ചർച്ചയാകും.

കെ സുരേന്ദ്രന്‍റെ അധ്യക്ഷ പദവി പ്രഖ്യാപനത്തോടെ തമ്മിലടി രൂക്ഷമായിരുന്ന സംസ്ഥാന ബിജെപിയിൽ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ വഴിയാണ് സമവായം ഉണ്ടായത്.  എതിർപ്പ് ഉയർത്തിയ പികെ കൃഷ്ണദാസ് പക്ഷത്തെ അനുനയിപ്പിക്കാനായി പാർട്ടി ഘടനയിൽ തന്നെ മാറ്റം വരുത്തിയായിരുന്നു കെ.സുരേന്ദ്രൻ വിട്ടുവീഴ്ചക്ക് തയ്യാറായത്.  സാധാരണഗതിയിൽ പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള പാർട്ടിയുടെ ഉന്നത ഫോറമാണ് കോർക്കമ്മിറ്റി. വൈസ് പ്രസിഡണ്ടായ എ.എൻ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയിൽ  ഉൾപ്പെടുത്തിയാണ് സമവായ നീക്കം നടന്നത്. 

ഇതോടെ ജനറൽ സെക്രട്ടറിയായി തുടരുന്ന എംടി രമേശും വൈസ് പ്രസിഡണ്ട് എ.എൻ രാധാകൃഷ്ണനുമടക്കം കോർ കമ്മിറ്റിയിൽ കൃഷ്ണദാസ് പക്ഷക്കാരുടെ എണ്ണം രണ്ടായി.  ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഭാരവാഹികളെ തീരുമാനിച്ചുവെന്ന കൃഷ്ണദാസ് പക്ഷ പരാതിയെ തുടർന്നാണ് കേന്ദ്ര ഇടപെടൽ. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്ന് കെ സുരേന്ദ്രനോടും പാർട്ടി പദവികളിൽ തുടരണമെന്ന് പികെ കൃഷ്ണദാസ് പക്ഷത്തോടും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു .

 എഎൻ രാധാകൃഷ്ണന് കൂടുതൽ പരിഗണന കിട്ടിയതിനൊപ്പം എംടി രമേശും അയഞ്ഞു.  അതേ സമയം എ.എൻ രാധാകൃഷ്ണനൊപ്പം ജനറൽ സെക്രട്ടറിസ്ഥാനത്തും നിന്നും വൈസ് പ്രസിഡണ്ടാക്കി മാറ്റിയ ശോഭാ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. ശോഭ സ്ഥാനത്ത് തുടരുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. . ഒരുപക്ഷെ ശോഭ സുരേന്ദ്രന് ദേശീയ തലത്തിൽ പദവി കിട്ടാനുള്ള സാധ്യതയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios