ഇത്രമാത്രം ക്രൂശിക്കാനെന്താണ്..? കെ എല്‍ രാഹുലിന് യുവരാജിന്റെ പിന്തുണ
രാഹുലിന്റെ തെറ്റായ തീരുമാനമാണ് അവസാന ഓവരില്‍ മുംബൈക്ക് 25 റണ്‍സ് സമ്മനിച്ചത്. സ്പിന്നര്‍ കൃഷ്ണപ്പ ഗൗതമാണ് പന്തെറിഞ്ഞത്.
മൊഹാലി: മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ കഴിഞ്ഞ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പഴികേട്ടത് ക്യപ്റ്റന്‍ കെ എല്‍ രാഹുല്‍ തന്നെയായിരിക്കും. രാഹുലിന്റെ തെറ്റായ തീരുമാനമാണ് അവസാന ഓവരില്‍ മുംബൈക്ക് 25 റണ്‍സ് സമ്മനിച്ചത്. സ്പിന്നര്‍ കൃഷ്ണപ്പ ഗൗതമാണ് പന്തെറിഞ്ഞത്. അവസാന ഓവറെറിയാന്‍ കൃഷ്ണപ്പയെ കൊണ്ടുവന്ന രാഹുലിന്റെ തീരുമാനം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.
മാത്രമല്ല ടീമിലെ പ്രധാന ബൗളര്‍മാരില്‍ ഒരാളായ ഷെല്‍ഡണ്‍ കോട്ട്രലിന്റെ നാല് ഓവറും ആദ്യ 15 ഓവറിനിടെ തന്നെ എറിഞ്ഞ് തീര്‍ത്തിരുന്നു. ഡെത്ത് ഓവറുകളില്‍ എറിയാന്‍ ആളില്ലാതെ വന്നു. അങ്ങനെയാണ് കൃഷ്ണപ്പ ഗൗതം, ജയിംസ് നീഷാം എന്നിവര്‍ക്കെല്ലാം അവസാന ഓറില്‍ പന്തെടുക്കേണ്ടി വന്നത്. ഇവര്‍ അടി മേടിക്കുകയും ചെയ്തു. സച്ചിന്‍ ഉള്‍പ്പെടെയുളള മുന്‍ താരങ്ങളെ രാഹുലിന്‍െ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചു.
എന്നാല്‍ പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ യുവരാജ് സിംഗ്. ട്വിറ്ററിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കുമെന്നും എന്നാല്‍ ഇതിന്റെ പേരില്‍ രാഹുലിനെ ക്രൂശിക്കേണ്ടതില്ലെന്നും യുവി വ്യക്തമാക്കി. ''പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സ് തന്നെയായിരുന്നു മികച്ച ടീം. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ മത്സരമായിരുന്നത്.
അവസാന ഓവര്‍ ഓഫ് സ്പിന്നര്‍ക്കു നല്‍കിയതിന്റെ പേരില്‍ രാഹുല്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതു ശരിയാണെന്നു തോന്നുന്നില്ല. നമ്മളെല്ലാം തെറ്റുകള്‍ വരുത്താറുണ്ട്. ഒരു പുതിയ ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള പോസിറ്റീവായ കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.'' യുവി ട്വീറ്റ് ചെയ്തു.
വെടിക്കെട്ട് താരങ്ങളായ കീറണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും ക്രീസില്‍ നില്‍ക്കെ കൃഷ്ണപ്പയ്ക്കാണ് രാഹുല്‍ അവസാന ഓവര്‍ നല്‍കിയത്. ഈ ഓവറില്‍ നാലു സിക്സറുകളടക്കം മുംബൈ 25 റണ്‍സ് വാരിക്കൂട്ടി. അവസാന അഞ്ചോവറില്‍ 89 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്.