പരാഗിനെ വിമര്‍ശിക്കുന്നവര്‍ കണ്ടോളൂ, ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നത് കിംഗ് കോലിയാണ്- വൈറല്‍ വീഡിയോ
റിയാന്‍ പരാഗ് ഉള്‍പ്പടെയുള്ള യുവതാരങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന സമീപനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലിക്കുള്ളത്
ജയ്‌പൂര്‍: ഐപിഎല്ലില്‍ ഏറെ വിമര്‍ശനം കേട്ടിട്ടുള്ള താരമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ റിയാന്‍ പരാഗ്. വെടിക്കെട്ട് ബാറ്ററെന്ന വിശേഷണവുമായി ഐപിഎല്ലിലെത്തിയ താരം പതിനാറാം സീസണിലും ദയനീയ പരാജയമാവുകയായിരുന്നു. ഇംപാക്‌ട് പ്ലെയറായി ഇറക്കിയപ്പോഴും മത്സരത്തില്‍ യാതൊരു ഇംപാക്‌ടും സൃഷ്‌ടിക്കാന്‍ പരാഗിനായില്ല. ഇതോടെ വലിയ വിമര്‍ശനമാണ് പരാഗിനെ ടീമിലുള്‍പ്പെടുത്തുന്നതില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും പരിശീലകന്‍ കുമാര്‍ സംഗക്കാരയും കേട്ടത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും റിയാന്‍ പരാഗ് ഉള്‍പ്പടെയുള്ള യുവതാരങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന സമീപനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലിക്കുള്ളത്. ജയ്‌പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെ വന്‍ തോല്‍വിയിലേക്ക് തള്ളിയിട്ട ശേഷം പരാഗ് ഉള്‍പ്പടെയുള്ള യുവതാരങ്ങളെ കണ്ടു വിരാട് കോലി. പരാഗുമായി കോലി വിശേഷണങ്ങള്‍ പങ്കുവെക്കുന്നതും സന്തോഷിക്കുന്നതുമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഈ സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ പരാഗിന് ആകെ 58 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ താരത്തെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കിയിരുന്നു. സീസണിലെ മുന്‍ മത്സരങ്ങളിലും യുവതാരങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന സമീപനമാണ് കിംഗ് കോലി സ്വീകരിച്ചിരുന്നത്.
മത്സരത്തില്‍ ജയ്‌പൂരിലെ സ്വന്തം മൈതാനത്ത് ആര്‍സിബിയോട് 59 റണ്‍സില്‍ പുറത്തായി രാജസ്ഥാന്‍ റോയല്‍സ് 112 റണ്‍സിന്‍റെ പടുകൂറ്റന്‍ തോല്‍വി നേരിട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ ടീം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 171 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ 10.3 ഓവറില്‍ 59ല്‍ പുറത്താവുകയായിരുന്നു റോയല്‍സ്. 19 പന്തില്‍ 35 നേടിയ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ മാത്രമാണ് പൊരുതിയത്. സഞ്ജു ഉള്‍പ്പടെ 9 പേര്‍ ഒരക്കത്തില്‍ ഒതുങ്ങി. ആര്‍സിബിക്കായി വെയ്‌ന്‍ പാര്‍നല്‍ മൂന്നും മൈക്കല്‍ ബ്രേസ്‌വെല്ലും കരണ്‍ ശര്‍മ്മയും രണ്ട് വീതവും മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഓരോ വിക്കറ്റും നേടി. നേരത്തെ ബാറ്റിംഗില്‍ ആര്‍സിബിക്കായി ഫാഫ് ഡുപ്ലസിസ്(44 പന്തില്‍ 55), ഗ്ലെന്‍ മാക്‌സ്‌വെല്‍(33 പന്തില്‍ 54), അനൂജ് റാവത്ത്(11 പന്തില്‍ 29*) എന്നിവര്‍ തിളങ്ങിയിരുന്നു.
Read more: 59 റണ്‍സില്‍ ഇന്ധനം തീര്‍ന്നു, ഓള്‍ഔട്ട്; സഞ്ജുപ്പട ഐപിഎല്‍ ചരിത്രത്തിലെ 2 നാണക്കേടില്‍