പെർത്തിലെ വമ്പൻ ജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ
തോല്‍വിയോടെ ഓസ്ട്രേലിയ 13 കളികളില്‍ എട്ട് ജയവും നാലു തോല്‍വിയും 90 പോയന്‍റും 57.690 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനത്തായി.
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ ഇന്ത്യയുടെ വമ്പന്‍ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ വീണ്ടും മാറ്റം. പെര്‍ത്തിലെ 295 റണ്‍സ് ജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 15 ടെസ്റ്റില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമുള്ള ഇന്ത്യ 110 പോയന്‍റും 61.110 പോയന്‍റ് ശതമാനവുമായാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
തോല്‍വിയോടെ ഓസ്ട്രേലിയ 13 കളികളില്‍ എട്ട് ജയവും നാലു തോല്‍വിയും 90 പോയന്‍റും 57.690 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനത്തായി. നേരത്തെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ ഇന്ത്യ പോയന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ പെര്‍ത്തിലെ ജയത്തോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനല്‍ ഉറപ്പാക്കാമായിരുന്നു. പെര്‍ത്തില്‍ ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയെങ്കിലും മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യക്ക് പരമ്പരയിലെ നാലു കളികളിലെങ്കിലും ജയിക്കുകയും ഒരു മത്സരം സമനിലയാക്കുകയും വേണം.
TEAM INDIA IS BACK AT THE TOP. 🇮🇳
— Tanuj Singh (@ImTanujSingh) November 25, 2024
- India, No.1 in the World...!!!! pic.twitter.com/UDVgywKXRG
60 പോയന്‍റും 55.560 പോയന്‍റ് ശതമാനവുമായി ശ്രീലങ്ക ഓസ്ട്രേലിയക്ക് തൊട്ടുപിന്നിലുണ്ട്. 72 പോയന്‍റും 54.550 പോയന്‍റ് ശതമാനവുമുള്ള ന്യൂസിലന്‍ഡ് നാലാമതും 52 പോയന്‍റും 54.170 പോയന്‍റ് ശതമാനവുമായി ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്. ശ്രീലങ്ക ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും കളിക്കുന്നുണ്ട്. ഈ പരമ്പരയുടെ ഫലങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. അടുത്ത വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍.