'കലിപ്പന്‍' കോലിയെ വിമര്‍ശിക്കുന്നവര്‍ ഇതുകൂടി കാണുക; സ്‌കൈയെ ഇതുപോലെ പ്രശംസിക്കാന്‍ കിംഗിനേ കഴിയൂ- വീഡിയോ
മുംബൈ ഇന്ത്യന്‍സ് സ്കോര്‍ 15.4 ഓവറില്‍ 192 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിലെ ആവേശപ്പോരാട്ടങ്ങളില്‍ ഒന്നായിരുന്നു മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ വാംഖഡെയില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ്, ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ മികവില്‍ 199 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ 35 പന്തില്‍ 83 നേടിയ സൂര്യകുമാര്‍ യാദവ് മുംബൈക്ക് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമൊരുക്കി. ജയത്തിന് നേരിയ മാത്രം അകലെ സ‌്‌കൈ പുറത്തായെങ്കിലും താരത്തെ അനുമോദിച്ച ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലിയുടെ മാതൃക ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സ് സ്കോര്‍ 15.4 ഓവറില്‍ 192 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. ഇതിനകം 35 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സറും സഹിതം സൂര്യ 83 റണ്ണടിച്ചിരുന്നു. സൂര്യയുടെ ഏറ്റവും മികച്ച ഐപിഎല്‍ ഇന്നിംഗ്‌സുകളില്‍ ഒന്നായി ഇത്. പുറത്തായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഗംഭീര ഇന്നിംഗ്‌സിന് സൂര്യയെ ആലിംഗനം ചെയ്‌ത് പ്രശംസിക്കാന്‍ കോലി മറന്നില്ല.
മറുപടി ബാറ്റിംഗില്‍ നായകന്‍ രോഹിത് ശര്‍മ്മയെ വ്യക്തിഗത സ്കോര്‍ 7 എടുത്ത് നില്‍ക്കേ മുംബൈ ഇന്ത്യന്‍സിന് നഷ്‌ടമായിരുന്നു. സഹഓപ്പണര്‍ ഇഷാന്‍ കിഷന്‍ 21 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് മത്സരം ഒറ്റയ്‌ക്ക് മാറ്റിമറിക്കുകയായിരുന്നു. ഇതിനൊപ്പം നെഹാല്‍ വധേര 34 പന്തില്‍ 52 റണ്‍സ് നേടിയതും മുംബൈ ജയത്തില്‍ നിര്‍ണായകമായി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വധേരയുടെ ഇന്നിംഗ്‌സ്. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് 11 കളിയില്‍ 12 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് ചേക്കേറി. 10 പോയിന്‍റുള്ള ആര്‍സിബി ഏഴാം സ്ഥാനത്താണ്.