അയാള്‍ ടോയ്‌ലറ്റിലൊന്നും ആയിരുന്നില്ലല്ലോ; സൂപ്പര്‍ ഓവറില്‍ ബെയര്‍സ്റ്റോയെ ഇറക്കാതിരുന്നതിനെക്കുറിച്ച് സെവാഗ്
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മത്സരത്തില്‍ ഹൈദരാബാദിന്‍റെ ടോപ് സ്കോററായ വില്യംസണ്‍ സൂപ്പര്‍ ഓവറില്‍ അക്സര്‍ പട്ടേലിനെതിരെ ഒരു ബൗണ്ടറി നേടിയെങ്കിലും വാര്‍ണര്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.
ചെന്നൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി സൂപ്പര്‍ ഓവറില്‍ ഡേവിഡ് വാര്‍ണറും കെയ്ന്‍ വില്യംസണും ഇറങ്ങിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. നിശ്ചിത സമയത്തെ കളിയില്‍ ഓപ്പണറായി ഇറങ്ങുകയും 18 പന്തില്‍ 38 റണ്‍സെടുക്കുകയും ചെയ്ത ബെയര്‍സ്റ്റോക്ക് പകരം വാര്‍ണറും വില്യംസണും ഇറങ്ങിയതാണ് സെവാഗിനെ ചൊടിപ്പിച്ചത്.
ബെയര്‍സ്റ്റോ ടോയ്‌ലറ്റില്‍ പോയിരിക്കുന്ന സാഹചര്യത്തിലൊഴികെ അയാള്‍ക്ക് പകരം മറ്റൊരാളെ ഇറക്കിയത് എന്തിനാണ്. അതും 18 പന്തില്‍ 38 റണ്‍സെടുത്ത ഉജ്ജ്വല ഇന്നിംഗ്സിനുശേഷം. ഹൈദരാബാദ് നന്നായി പൊരുതി, പക്ഷെ ഈ തേല്‍വിക്ക് അവര്‍ സ്വയം പഴിക്കുകയെ നിവൃത്തിയുള്ളുവെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മത്സരത്തില്‍ ഹൈദരാബാദിന്‍റെ ടോപ് സ്കോററായ വില്യംസണ്‍ സൂപ്പര്‍ ഓവറില്‍ അക്സര്‍ പട്ടേലിനെതിരെ ഒരു ബൗണ്ടറി നേടിയെങ്കിലും വാര്‍ണര്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.
സൂപ്പര്‍ ഓവറില്‍ താനല്ല ഇറങ്ങുന്നതെന്ന് മനസിലാക്കിയ ബെയര്‍സ്റ്റോ അമ്പരപ്പോടെ നില്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സൂപ്പര്‍ ഓവറില്‍ ഹൈദരാബാദ് കുറിച്ച എട്ട് റണ്‍സ് വിജയലക്ഷ്യം റാഷിദ് ഖാന്‍ എറിഞ്ഞ ഓവറിലെ അവസാന പന്തിലെ ലെഗ് ബൈയിലൂടെ ഡല്‍ഹി മറികടന്നു.