30 വർഷത്തിലേറെ കേരളത്തിലും തമിഴ്നാട്ടിലുമായി ചന്ദനക്കടത്തും വിൽപ്പനയും; മാഫിയ തലവൻ മണ്ണാർക്കാട് സലീം പിടിയിൽ

കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ പ്രതി ചന്ദനങ്ങൾ വിൽപ്പന നടത്തിയിരുന്നത്.

Over 30 years Sandalwood Import and Sale in Kerala and Tamil Nadu Mafia leader Mannarkkad Salim arrested

പറമ്പിക്കുളം: 30 വർഷത്തിലേറെയായി കേരളത്തിലും തമിഴ്നാട്ടിലുമായി ചന്ദനക്കടത്തും വിൽപ്പനയും നടത്തിയിരുന്ന അന്തർ സംസ്ഥാന മാഫിയ തലവൻ മണ്ണാർക്കാട് സലീം പിടിയിലായി. ചന്ദനം ഏജന്റുമാരിൽ നിന്നും വാങ്ങി വിൽക്കുകയും, കാട്ടിലേക്ക് ആൾക്കാരെ മുൻകൂർ കാശ് കൊടുത്ത് ചന്ദനം വെട്ടിക്കുകയും ചെയ്തിരുന്ന ഇയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് വലയിലാക്കിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ സലീം. 

കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ പ്രതി ചന്ദനങ്ങൾ വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ മാസം ഒമ്പതിന് രാത്രികാല പാട്രോളിങ്ങിനിടയിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചന്ദന മരക്കഷ്ണങ്ങൾ കടത്താൻ ശ്രമിച്ച മുനിസ്വാമി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ മണ്ണാർക്കാട് ഭാഗത്തുള്ള സലീമിന് വിൽക്കാനാണ് ചന്ദനം കൊണ്ടുപോയിരുന്നതെന്ന് മൊഴിനൽകി. തുടര്‍ന്നാണ് സലീമിനെ കസ്റ്റഡിയിൽ എടുക്കുന്നത്.

സലീമിനെ വിശദമായി ചോദ്യം ചെയ്തതിൽ മുനിസ്വാമിയെ പിടികൂടിയ ദിവസം സലീം ചന്ദനം വാങ്ങാൻ ചെക്കാണാംപതി ഭാഗത്തേക്ക് പോയിരുന്നതായി കണ്ടെത്തി. ഏറെ കാത്തിരുന്നിട്ടും മുനിസ്വാമി വരാത്തതിനെത്തുടർന്ന് മണ്ണാർക്കാട്ടേക്ക് തിരിച്ച് പോവുകയായിരുന്നു. മുനിസ്വാമി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായ വാർത്ത പിറ്റേദിവസം അറിഞ്ഞതായും സുങ്കം റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് സലീം നൽകിയ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ  പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറുമൂച്ചി മലയിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയ കേസിലായിരുന്നു മുനിസ്വാമി പിടിയിലായത്. 

ഇതേ കാലയളവിൽ 50 കിലോയോളം ചന്ദനമുട്ടികൾ സലീം മുനിസ്വാമിയിൽ നിന്ന് വാങ്ങിയിരുന്നു. ഈ ചന്ദനമുട്ടികൾ കുച്ചിമുടി ഭാഗത്തുനിന്നും മുറിച്ചവയാണെന്നാണ് സലീം മൊഴി നൽകിയിരിക്കുന്നത്. സുങ്കം റെയിഞ്ചിലെ കേസിൽ അറസ്റ്റിലായ സെന്തിൽ എന്നയാളും, ഒളിവിൽ കഴിയുന്ന മണക്കടവനും ചേര്‍ന്നാണ് വനഭൂമിയിൽ നിന്ന് ചന്ദനം മുറിച്ച്  മുനിസ്വാമിക്ക് നൽകിയത്. പിന്നീട് ഇത് താൻ കൈപ്പറ്റിയെന്നുമാണ് സലീമിന്റെ മൊഴി. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി മുനിസ്വാമിയും, രണ്ടാം പ്രതി സെന്തിട്ടും നിലവിൽ റിമാൻഡിലാണ്. മുനിസ്വാമിയെപോലുള്ള ഏജന്റുമാരിൽ നിന്ന് ഒരു കിലോ ചന്ദനത്തിന് 3000 രൂപ മുതൽ 3500 രൂപ വരെ നൽകിയാണ് സലീം ചന്ദനം വാങ്ങിയിരുന്നത്. കാട്ടിൽ നിന്നും മരം വെട്ടുന്നതിന് സെന്തിൽ, മണക്കടവൻ എന്നിവരെപ്പോലുള്ളവർക്ക് 1500  മുതൽ 2000  രൂപ വരെയാണ് സലീം നൽകിയിരുന്നത്. 

പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ആർ. സുജിത് ഐഎഫ്എസി നിർദ്ദേശപ്രകാരം, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി അജയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസറന്മാരായ എം കൃഷ്ണകുമാർ, ജി സാബു, പി.സുരേഷ് എന്നിവരും ബീറ്റ് ഫോറസ്റ്റ് ഓഫീസറന്മാരായ ടിഎസ് സുനീഷ്, സി അഖിൽ, എസ് നാസർ, കെ അനിൽ എന്നിവരും ആന്റി പോച്ചിംഗ് വാച്ചറന്മാരായ സന്തോഷ് സി, പ്രഭു വി, എം രഘു, എം  ബിജു, സുകേഷ് വി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

പറമ്പിക്കുളം കടുവാസങ്കേതത്തിൽ ചന്ദനം മുറിച്ച് കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേര്‍ കൂടി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios