ഇന്ത്യൻ അക്തർ തന്നെ! പന്ത് ഒന്ന് കാണാൻ പോലും കിട്ടിയില്ല, കണ്ണിമവെട്ടുന്ന നേരം മാത്രം; ക്രുനാൽ പുറത്ത്
ജമ്മു കശ്മീരില്‍ നിന്നുള്ള ഉമ്രാൻ മാലിക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അനായാസം മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ താരത്തിന് കഴിയുന്നുവെന്നുള്ളതാണ് പ്രത്യേകത.
ലഖ്നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നലെ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. മൂന്ന് വിക്കറ്റും 34 റണ്‍സും നേടിയ ക്രുനാല്‍ പാണ്ഡ്യയുടെ ഓണ്‍റൗണ്ട് മികവാണ് സണ്‍റൈസേഴ്സിനെ തകര്‍ത്തത്. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും ഹൈദരാബാദിന് മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല.
എന്നാല്‍, ഇതിനിടെയിലും ഉമ്രാൻ മാലിക്ക് വേഗം കൊണ്ട് ആരാധകരെ അമ്പരിപ്പിച്ചു. ക്രുനാല്‍ പാണ്ഡ്യയെ പുറത്താക്കിയ പന്തിന്‍റെ വേഗം 149.3 കിലോമീറ്ററായിരുന്നു. മത്സരത്തിലെ ഏറ്റവും വേഗമേറിയ പന്തും ഇത് തന്നെയായിരുന്നു. ഇന്ത്യൻ ഷൊയ്ബ് അക്തര്‍ എന്ന് നിരവധി പേരാണ് ഉമ്രാനെ വിളിക്കുന്നത്. ജമ്മു കശ്മീരില്‍ നിന്നുള്ള ഉമ്രാൻ മാലിക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അനായാസം മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ താരത്തിന് കഴിയുന്നുവെന്നുള്ളതാണ് പ്രത്യേകത.
ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ ടീമിലും അവസരം ഒരുക്കികൊടുത്തിരുന്നു. നേരത്തെ, താരത്തെ സഹായിക്കാൻ തയാറാണെന്ന് അക്തറും പറഞ്ഞിരുന്നു. ''അവന്‍ നന്നായി പന്തെറിയുന്നുണ്ട്. മികച്ച റണ്ണപ്പുണ്ട് ഉമ്രാന്. കൂടാതെ കരുത്തനുമാണ്. കൈകള്‍ക്കും വേഗമുണ്ട്. ധൈര്യത്തോടെ പന്തെറിഞ്ഞാല്‍ അവന് വേഗം കൂട്ടാന്‍ സാധിക്കും. വിക്കറ്റെടുക്കുന്നതും ആസ്വദിക്കാന്‍ സാധിക്കും. ഒരു മത്സരത്തില്‍ റണ്‍സ് വഴങ്ങിയാലും വേഗത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യരുത്.'' അക്തര്‍ ഉപദേശിച്ചു.
എന്നാല്‍, ഇന്നലെ വിക്കറ്റെടുത്തെങ്കിലും രണ്ട് ഓവറില്‍ താരം 22 റണ്‍സാണ് വഴങ്ങിയത്. അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനാണ് സാധിച്ചത്. 41 പന്തില്‍ 35 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ടോപ് സ്‌കോറര്‍. അന്‍മോല്‍പ്രീത് സിംഗ് (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ ലഖ്‌നൗ 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (31 പന്തില്‍ 35), ക്രുനാല്‍ പാണ്ഡ്യ (23 പന്തില്‍ 34) എന്നിവരാണ് തിളങ്ങിയത്.