ഐപിഎല്ലില്‍ വേഗം കൊണ്ട് അമ്പരപ്പിച്ച ഉമ്രാന്‍ മാലിക്ക് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്ക്
ഐപിഎല്‍ പതിനാലാം സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത് നിലവില്‍ ഉമ്രാന്‍ മാലിക്കാണ്. 153 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് മാലിക്ക് സീസണിലെ ഏറ്റവും വേഗമേറിയ പന്തിന് ഉടമയായത്.
ദുബായ്: ഐപിഎല്ലില്‍(IPL 2021) വേഗം കൊണ്ട് ശ്രദ്ധേയനായ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) പേസര്‍ ഉമ്രാന്‍ മാലിക്കിനെ(Umran Malik) ടി20 ലോകകപ്പിനുള്ള(T20 World Cup) ഇന്ത്യന്‍ ടീമിന്‍റെ (Indian Team)നെറ്റ് ബൗളറായി(Net Bowler) ഉള്‍പ്പെടുത്തി. ഐപിഎല്ലില്‍ നിന്ന് പുറത്തായ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയാലും ഉമ്രാന്‍ മാലിക്കിനോട് ദുബായില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിസിസഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
നെറ്റ് ബൗളറെന്ന നിലയില്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും പോലെ ഉന്നതനിലവാരം പുലര്‍ത്തുന്ന ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയുന്നത് ഉമ്രാന്‍ മാലിക്കിന് കരിയറില്‍ ഗുണം ചെയ്യുന്നെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്‍ പതിനാലാം സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത് നിലവില്‍ ഉമ്രാന്‍ മാലിക്കാണ്. 153 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് മാലിക്ക് സീസണിലെ ഏറ്റവും വേഗമേറിയ പന്തിന് ഉടമയായത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിനെതിരെ ആയിരുന്നു 152.95 കിലോ മീറ്റര്‍ വേഗത്തിലുള്ള മാലിക്കിന്‍റെ പന്ത്. ബാംഗ്ലൂരിനെതിരെ ഒരോവറിൽ തന്നെ മണിക്കൂറിൽ 151,152,153 കിലോമീറ്റർ വേഗത്തിൽ മാലിക്ക് പന്തെറിഞ്ഞിരുന്നു.
153 കി.മീ വേഗം!
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തീപാറും പേസ് കൊണ്ട് 21 വയസ് മാത്രമുള്ള ഉമ്രാന്‍ മാലിക്ക് അമ്പരപ്പിച്ചിരുന്നു. കെകെആറിനെതിരെ എറിഞ്ഞ 151.03 കി.മീ വേഗമുള്ള പന്ത് ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ ബോളായിരുന്നു. എന്നാല്‍ സണ്‍റൈസേഴ്‌സിനെതിരെ തന്‍റെ രണ്ടാം മത്സരത്തില്‍ 153 കി.മീ വേഗം കണ്ടെത്തി സീസണില്‍ ഇതുവരെയുള്ള വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡും കീശയിലാക്കി.
ഇനി വേഗപട്ടിക ഉമ്രാന്‍ ഭരിക്കും
152.75 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മാലിക്ക് സീസണില്‍ വേഗം കൊണ്ട് മറികടന്നത്. 152.74 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ ഫെര്‍ഗൂസന്‍ തന്നെയാണ് മൂന്നാം സ്ഥാനത്തും. നാലും(151.71), അഞ്ചും(151.71), ആറും(151.37) സ്ഥാനങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആന്‍റിച്ച് നോര്‍ട്യയാണ്. ഏഴും(151.33), എട്ടും(151.20) സ്ഥാനങ്ങളില്‍ വീണ്ടും ഫെര്‍ഗൂസന്‍ വരുമ്പോള്‍ ഒമ്പതാം സ്ഥാനത്ത്(151.03) വീണ്ടും ഉമ്രാന്‍ മാലിക്കാണ്.
കോലിയുടെ അഭിനന്ദനത്തിന് പിന്നാലെ നെറ്റ് ബൗളറായി ഇന്ത്യന്‍ സംഘത്തിലേക്ക്
ബാംഗ്ലൂരിനെതിരായ മത്സരശേഷം ഇന്ത്യന്‍ നായകനും ബാംഗ്ലൂര്‍ നായകനുമായ വിരാട് കോലി ഉമ്രാന്‍ മാലിക്കിനെ അഭിനന്ദിച്ചിരുന്നു. മാലിക്കിന്‍റെ വളര്‍ച്ച സസൂഷ്മം വിലയിരുത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
പകരക്കാരനായി വന്ന് താരമായി
കൊവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് നെറ്റ് ബൗളറായിരുന്നഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ഹൈദരാബാദ് ടീമിലെടുത്തത്. ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് മാലിക്ക് കളിച്ചത്.