'ശബരിമലയിൽ അമിത വില ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണം'; തിരുമുറ്റത്തെ മൊബൈൽ ചിത്രീകരണത്തിൽ വിശദീകരണം തേടി
ശബരിമലയിൽ ഭക്തരിൽ നിന്ന് അമിതമായി അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമെന്ന് ഹൈക്കോടതി. തിരുമുറ്റത്തും സോപാനത്തിലുമുള്ള വീഡിയോ ചിത്രീകരണത്തിൽ വിശദീകരണം തേടി.
കൊച്ചി: ശബരിമലയിൽ ഭക്തരിൽ നിന്ന് അമിതമായി അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെന്ന് ഹൈക്കോടതി. ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുകള്‍ക്കാണ് നിര്‍ദേശം. നിശ്ചിത ഇടവേളകളിൽ കടകളിൽ പരിശോധന നടത്തണം. അമിത വില ഈടാക്കുന്നത് കണ്ടെത്തിയാൽ കര്‍ശന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പമ്പ-സന്നിധാനം പാതയിലെ കടകളിൽ പരിശോധന നടത്തണം. ഹോട്ടലുകൾ കേന്ദ്രീകരിച്ച് ചില പ്രശ്നങ്ങൾ സ്പെഷ്യൽ കമ്മീഷണർ സൂചിപ്പിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിവരങ്ങൾ ആരാഞ്ഞശേഷമാണ് പരിശോധന സംബന്ധിച്ച നിര്‍ദേശം നൽകിയത്. ശബരിമല ക്ഷേത്ര തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തിൽ എക്സിക്യൂട്ടീവ് ഓഫീസറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം. വിഷയങ്ങൾ നാളെ വീണ്ടും പരിഗണിക്കും ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്ത സംഭവത്തിലും കോടതി വിമര്‍ശനം ഉന്നയിച്ചു. പൊലീസിന്‍റെ ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
'ബുക്ക് ചെയ്യുന്നവരിൽ 25% പേരും ശബരിമലയിൽ എത്തുന്നില്ല'; ഓൺലൈൻ ബുക്കിങ് റദ്ദാക്കാൻ അറിയിപ്പ് നൽകണമെന്ന് കോടതി